കാമില രാജ്ഞി വിവാദത്തിനില്ല; ചാൾസിന്‍റെ കിരീടധാരണത്തിന് കോഹിനൂർ രത്ന കിരീടം ധരിച്ചേക്കില്ല

ലണ്ടൻ: ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണ ചടങ്ങിൽ വിവാദമായ കോഹിനൂർ രത്നം പതിച്ച കിരീടം ഭാര്യയും രാജ്ഞിയുമായ കാമില ധരിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ഏറെ വാർത്തകളിൽ ഇടംപിടിച്ച കോഹിനൂർ രത്നം പതിച്ച കിരീടം ധരിക്കുക വഴി വീണ്ടും രാജ്യാന്തര തലത്തിൽ വിവാദം ഉയരാൻ ഇടയാകുമെന്ന വിലയിരുത്തലിലാണ് പുതിയ തീരുമാനമെന്ന് പേജ് സിക്സ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബ്രിട്ടീഷ് കൊളോണിയൽ ഭരണകാലത്ത് ഇന്ത്യയിൽ നിന്ന് കടത്തിയ 105.6 കാരറ്റ് വരുന്ന കോഹിനൂർ രത്നം അലങ്കരിച്ച കിരീടമാണ് 1937ൽ ജോർജ് ആറാമനെ രാജാവായി വാഴിക്കുന്ന ചടങ്ങിൽ എലിസബത്ത് രാജ്ഞിയുടെ മാതാവ് ചൂടിയിരുന്നത്. അത് എലിസബത്ത് രാജ്ഞിയും പിന്തുടർന്നു. കാമില കിരീടം ധരിക്കാത്ത സാഹചര്യത്തിൽ ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് കോഹിനൂർ രത്നം കാണാനുള്ള അവസരം നഷ്ടമാകും.

കോഹിനൂർ രത്നത്തിന്‍റെ കഥ

'പ്രകാശ പര്‍വതം' എന്ന പേരില്‍ വിശ്രുതമായ കോഹിനൂർ (കൂഹ്-ഐ നൂര്‍) എന്ന അപൂര്‍വരത്നത്തിന്‍റെ കഥ രണ്ട് നൂറ്റാണ്ട് നീണ്ട വന്‍കൊള്ളയുടെ ചരിത്രമാണ്. ക്രിസ്ത്വബ്ദം 1100ല്‍ ആന്ധ്രയിലെ ഗോല്‍കൊണ്ടയിലാണ് രത്നം ഖനനം ചെയ്യപ്പെട്ടതെന്നാണ് അനുമാനം. മാല്‍വയിലെ (ഇന്നത്തെ മധ്യപ്രദേശ്) രാജാക്കന്മാരുടെ കൈകളിലാണ് ആദ്യമായി അതെത്തുന്നത്. അവിടെ നിന്ന് ഡല്‍ഹി സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ പക്കലേക്കും.

കോഹിനൂർ രത്നം പതിച്ച കിരീടം ധരിച്ച എലിസബത്ത് രാജ്ഞി

കോഹിനൂർ രത്നം പതിച്ച കിരീടം

തുഗ്ലക്കുമാരിലൂടെയും ലോധിമാരിലൂടെയും കൈമാറി മുഗള്‍ സ്ഥാപകന്‍ ബാബറുടെ അധീനതയിലത്തെിയപ്പോഴും അതിനു 'കൂഹ്-ഐ നൂര്‍' എന്ന് പേര് ലഭിച്ചിരുന്നില്ല. അരമനകളെ പോലും വരിഞ്ഞുമുറുക്കിയ നിഗൂഢതയും കാലത്തെ മറികടന്ന അന്ധവിശ്വാസങ്ങളും ഈ രത്നം എക്കാലവും കൊണ്ടുനടന്നു. ബാബറിന്‍റെ പുത്രന്‍ ഹുമയൂണ്‍ ഭരണം നഷ്ടപ്പെട്ട് പേര്‍ഷ്യയില്‍ അഭയം തേടിയപ്പോള്‍ കൈയില്‍ ഈ രത്നമുണ്ടായിരുന്നു. മുഗള്‍ഭരണം തിരിച്ചു പിടിക്കാന്‍ പേര്‍ഷ്യന്‍ രാജാവിന് രത്നം കൈമാറേണ്ടിവന്നു എന്നൊരു കഥയുണ്ട്. ഷാജഹാന്‍റെ കാലമായപ്പോഴേക്കും മുഗള്‍ കൊട്ടാരത്തില്‍ ഈ രത്നമുണ്ടായിരുന്നു. ഗോല്‍കൊണ്ട സാമ്രാജ്യത്തില്‍ കരുത്തനായിരുന്ന ഇസ്ഫഹാനിലെ (പേര്‍ഷ്യ) മീര്‍ ജുംലയാണ് ഷാജഹാന് ഇത് സമ്മാനിച്ചതെന്നാണ് ഒരു ഭാഷ്യം.

ഔറംഗസീബിന് ശേഷം മുഗള്‍ സാമ്രാജ്യത്തിന്‍റെ ശിഥിലീകരണം തുടങ്ങിയതോടെ നാനാദിക്കുകളില്‍ നിന്ന് ശത്രുക്കള്‍ ചാടിവീഴാന്‍ തുടങ്ങി. അവരുടെയെല്ലാം കണ്ണ് അന്ന് 105.6 കാരറ്റുള്ള ഈ രത്നത്തിലായിരുന്നു. 1739ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ ഖൈബര്‍പാസും കടന്നുവന്ന് 15 ലക്ഷം വരുന്ന മുഗള്‍സൈന്യത്തെ തോല്‍പിച്ചു. 200 വര്‍ഷം കൊണ്ട് മുഗളര്‍ സമ്പാദിച്ചത് മുഴുവനും കൊണ്ടുപോയ നാദിര്‍ഷായാണത്രെ അദ്ഭുതാദരവോടെ 'കൂഹ് എ നൂര്‍' എന്ന് ഇതിനെ ആദ്യമായി വിളിച്ചത്.

കോഹിനൂർ രത്നം പതിച്ച കിരീടം

നാദിര്‍ഷാ കൊല്ലപ്പെട്ടപ്പോള്‍ പിന്‍ഗാമിയും അഫ്ഗാന്‍ ചക്രവര്‍ത്തിയുമായ അഹ്മദ് ഷാ അബ്ദാലിയുടെ കൈയിലേക്കാണ് പിന്നീടത് എത്തിപ്പെട്ടത്. അബ്ദാലിയുടെ മരണശേഷം പിന്‍ഗാമികളായ തൈമൂര്‍ ഷാ, സമാന്‍ ഷാ, ഷാ ശുജാ എന്നിവരിലൂടെ രത്നം ലാഹോര്‍ ആസ്ഥാനമായി ഭരിച്ച സിഖ് സാമ്രാജ്യത്തിന്‍റെ തലവന്‍ മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ പക്കലെത്തുകയാണ്. മഹാരാജാവിന്‍റെ മരണശേഷം മൂത്തപുത്രന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ ഇളയമകന്‍, അഞ്ചു വയസ്സുള്ള ദുലീഫ് സിങ്ങിനെ സിംഹാസനത്തിലിരുത്തി. 1849ല്‍ കമ്പനി പട്ടാളം പഞ്ചാബ് പിടിച്ചടക്കി.

ഗവര്‍ണര്‍ ഡല്‍ഹൗസി സിഖ് ഭരണകൂടവുമായി ഉണ്ടാക്കിയ ലാഹോര്‍ ഉടമ്പടിയിലെ മൂന്നാമത്തെ വ്യവസ്ഥ കോഹിനൂര്‍ രത്നം ബ്രിട്ടീഷ് രാജ്ഞിയുടെ മുന്നില്‍ അടിയറവെക്കണമെന്നായിരുന്നു. ഉടമ്പടി പ്രകാരം ഒമ്പതു വയസ്സുള്ള ദുലീഫ് സിങ് 4200 കി.മീറ്റര്‍ സഞ്ചരിച്ച് രാജ്ഞിക്ക് രത്നം കൈമാറി. ദുലീഫ് രാജകുമാരനെ പിന്നീട് പ്രതിവര്‍ഷം അര ലക്ഷം പൗണ്ട് സ്റ്റൈപന്‍ഡ് കിട്ടുന്ന ആശ്രിതനാക്കി മാറ്റി. ക്രിസ്തുമതം സ്വീകരിച്ച് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും അലഞ്ഞ് ജീവിച്ച അദ്ദേഹം 1893ല്‍ കൊടിയ ദാരിദ്ര്യം പിടിപെട്ട് പാരിസിലെ ഏതോ തെരുവില്‍ കിടന്ന് മരിച്ചു.

കോഹിനൂർ രത്നം പതിച്ച കിരീടം ചൂടി എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും

കോഹിനൂറിനായി ഇന്ത്യ

ഇന്ത്യയിൽ നിന്ന് കണ്ടെടുക്കപ്പെട്ട രത്നമായതിനാൽ കോഹിനൂർ ഇന്ത്യക്ക് അവകാശപ്പെട്ടതാണെന്നാണ് പ്രധാനം വാദം. പഞ്ചാബ് ബ്രിട്ടീഷ് ആധിപത്യത്തിന് കീഴിലിരിക്കെ സിഖ് സാമ്രാജ്യത്തിന്‍റെ തലവന്‍ മഹാരാജാ രഞ്ജിത് സിങ്ങിന്‍റെ ഇളയമകന്‍ ദുലീഫ് സിങ്ങാണ് രത്നം ബ്രിട്ടീഷ് രാജ്ഞിക്ക് കൈമാറിയത്. രത്നം ഒരു പൊതുസ്വത്ത് എന്ന നിലയില്‍ സംരക്ഷണത്തിനായി ബ്രിട്ടീഷ് രാജകുടുംബത്തെ ഏല്‍പ്പിച്ചതെന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ പൊതുസ്വത്തായ രത്നം ഇന്ത്യൻ സർക്കാറിന് അവകാശപ്പെട്ടതാണെന്നുമാണ് വാദം.

2017 ഏപ്രിൽ 22ന് രത്നം തിരിച്ചെത്തിക്കാൻ സർക്കാറിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് രണ്ട് സർക്കാരിതര സംഘടനകൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാറിന്‍റെ അധ്യക്ഷതയിലുള്ള സുപ്രീംകോടതി ബെഞ്ച് തള്ളിയിരുന്നു. ഓൾ ഇന്ത്യ ഹ്യൂമൻ റൈറ്റ്സ് ആൻഡ് സോഷ്യൽ ജസ്റ്റിസ് ഫ്രണ്ട്, ഹെറിറ്റേജ് ബംഗാൾ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്.


കോഹിനൂർ രത്നം പതിച്ച കിരീടം 1947ൽ സ്വാതന്ത്ര്യം നേടിയതിനുശേഷം, അധികാരത്തിൽ വന്ന സർക്കാറുകളൊന്നും കോഹിനൂർ രത്നം തിരിച്ചെത്തിക്കാൻ നടപടി സ്വീകരിച്ചില്ലെന്നാണ് സംഘടനകൾ ഹരജിയിൽ ബോധിപ്പിച്ചത്. ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്ന് കൊണ്ടു പോയ കോഹിനൂർ രത്നം തിരിച്ചെത്തിക്കണമെന്ന് ഉത്തരവിറക്കാനാവില്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. അമേരിക്കയുടെയും ബ്രിട്ടന്‍റെയും കൈവശമുള്ള വസ്തുക്കൾ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഇത്തരം റിട്ട് ഹരജികളിൽ പരമോന്നത നീതിപീഠം ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് സർക്കാറുമായി ഇക്കാര്യത്തിൽ സാധ്യമായ വഴികളിലെല്ലാം ബന്ധപ്പെടുന്നുവെന്ന് വിഷയത്തിൽ സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. കോഹിനൂർ പിടിച്ചെടുത്തതോ മോഷ്ടിച്ചതോ അല്ലെന്നും മറിച്ച് പഞ്ചാബിലെ ഭരണാധികാരികൾ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് നൽകിയതാണെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരുന്നു. വിഷയം പാർലമെൻറിൽ പലതവണ ചർച്ച ചെയ്തതാണെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

രത്നം തിരികെ കിട്ടാനായി പാകിസ്താന്‍ അടക്കം രാജ്യങ്ങൾ

കോഹിനൂര്‍ രത്നം തിരിച്ചു കിട്ടാന്‍ പാകിസ്താന്‍ ഇതിനകം നടപടിയാരംഭിച്ചിട്ടുണ്ട്. തങ്ങളുടെ രാജ്യത്തിന്‍റെ ഭാഗമായ ലാഹോറില്‍ നിന്നാണ് രത്നം മോഷ്ടിച്ചതെന്നും 100 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കോഹിനൂര്‍ തിരിച്ചു നല്‍കേണ്ടത് പ്രാഥമിക മര്യാദ മാത്രമാണെന്നുമാണ് നിയമനടപടിക്ക് നേതൃത്വം നല്‍കുന്ന ജാവിദ് ഇഖ്ബാല്‍ ജാഫരി വാദിക്കുന്നത്.

കോഹിനൂർ രത്നം പതിച്ച കിരീടം ചൂടിയ ബ്രിട്ടീഷ് രാജ്ഞിമാർ

സുല്‍ഫിക്കര്‍ അലി ഭുട്ടോ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഈ വിഷയത്തില്‍ ബ്രിട്ടീഷ് അധികൃതരുമായി കത്തിടപാടുകള്‍ നടത്തിയിരുന്നു. പാകിസ്താന്‍റെ ഈ വിഷയത്തിലുള്ള നിലപാട് ശക്തമാണ്. കഴിഞ്ഞ രണ്ട് നൂറ്റാണ്ടിനിടയില്‍ ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളുടെ ആധിപത്യത്തിലൂടെ കടന്നുപോയ രത്നത്തിന്‍റെ യഥാര്‍ഥ അവകാശികളെക്കുറിച്ച് വ്യക്തതയില്ലെന്ന ബ്രിട്ടീഷ് ഭാഷ്യത്തെ ഭുട്ടോ ശക്തമായ ഭാഷയില്‍ ഖണ്ഡിക്കുന്നുണ്ട്.

അഫ്ഗാനിസ്താനും ഇറാനും രത്നത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. യുദ്ധം ചെയ്ത് കൈക്കലാക്കിയ രത്‌നം അഫ്ഗാനിലെ ദുറാനി സാമ്രാജ്യത്തിന്‍റെ പക്കലാണ് അവസാനം എത്തിയത്. ഷാ ശുജായെ ഭീഷണിപ്പെടുത്തിയും ഷാ ശുജായുടെ പുത്രനെ പ്രീണിപ്പിച്ചും നേടിയതാണ് കോഹിനൂര്‍ രത്‌നമെന്നാണ് അഫ്ഗാന്‍റെ അവകാശവാദം. പേര്‍ഷ്യന്‍ ഭരണാധികാരിയായ നാദിര്‍ഷായാണ് ഇന്ത്യയിൽ നിന്ന് രത്നം കൈക്കലാക്കിയത്. അതിനാൽ യുദ്ധ വിജയത്തെ തുടർന്ന് കൈയിലെത്തിയ രത്നം തങ്ങള്‍ക്ക് വേണമെന്നാണ് ഇറാന്‍റെ വാദം.

Tags:    
News Summary - Camilla Might Opt Out Of Wearing The Controversial Kohinoor Diamond Crown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.