ഒട്ടാവ: പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിൽ നിന്നുള്ള വിമാനങ്ങൾക്ക് കാനഡ വിലക്ക് ഏർപ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങൾക്ക് 72 മണിക്കൂർ താൽകാലിക വിലക്കാണ് ഏർപ്പെടുത്തിയത്. ഇന്ന് അർധരാത്രി മുതൽ വിലക്ക് പ്രാബല്യത്തിൽ വരും.
കനേഡിയൻ പബ്ലിക് ഹെൽത്ത് ഏജൻസിയുടെ ശിപാർശ പ്രകാരം മുൻകരുതലിന്‍റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റിൽ ട്രൂഡോ അറിയിച്ചു. യുകെയിൽ നിന്ന് ഞായറാഴ്ച എത്തിയ വിമാന യാത്രക്കാർക്ക് പരിശോധന, ക്വാറന്‍റീൻ അടക്കമുള്ള സൗകര്യങ്ങൾ അധികൃതർ ഒരുക്കിയിരുന്നു.
നേരത്തെ, നെതർലാൻഡ്‌സ്, ബെൽജിയം എന്നീ രാജ്യങ്ങൾ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിരോധിച്ചിരുന്നു. ഫ്രാൻസും ഇറ്റലിയും ജർമ്മനിയും സമാനമായ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്ന് റോമിലെത്തിയ ആൾക്ക് പുതിയ വൈറസ് സ്ഥിരീകരിച്ചിരുന്നു. ഇയാളെ പ്രത്യേക നിരീക്ഷണത്തിലേക്ക് മാറ്റിയിട്ടുണ്ട്.
യു.കെയിൽ പുതുതായി കോവിഡ് ബാധിച്ച ആയിരത്തിലധികം രോഗികളിലാണ് പുതിയ ഇനം വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ലണ്ടനിലും തെക്ക്-കിഴക്കൻ ഇംഗ്ലണ്ടിലും വൈറസ് അതിവേഗം വ്യാപിച്ചിട്ടുണ്ട്. കോവിഡ് വ്യാപനം കൂടുതൽ ശക്തമായ സാഹചര്യത്തിൽ ലണ്ടനിൽ തിയറ്ററുകൾ, പബ്ബുകൾ, റസ്റ്റാറൻറുകൾ എന്നിവക്ക് നിയന്ത്രണങ്ങൾ കർക്കശമാക്കി.
ജനിതക വ്യതിയാനമുള്ള പുതിയ ഇനം വൈറസിനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇപ്പോൾ കോവിഡിന് കാരണമായ വൈറസിനെക്കാൾ ഗുരുതരമാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.