മഡ്രിഡ്: വടക്കുകിഴക്കൻ സ്പെയിനിലെ സമ്പന്നമായ കാറ്റലോണിയ പ്രവിശ്യ രാജ്യത്തിനൊപ്പം നിൽക്കണോ വിട്ടുപോകണോ എന്നു തീരുമാനിക്കാൻ വോട്ടുചെയ്തു. ഏറെയായി വേരുറപ്പിച്ച വിഘടന പ്രസ്ഥാനത്തിന്റെ ശക്തിപരീക്ഷണം കൂടിയായ വോട്ടെടുപ്പിൽ മൊത്തം 57 ലക്ഷം പേർക്കായിരുന്നു വോട്ടവകാശം. നിലവിലെ സൂചനകൾ പ്രകാരം സ്വാതന്ത്ര്യം വേണമെന്ന ആവശ്യത്തിന് ജനം ഭൂരിപക്ഷം നൽകിയേക്കില്ല. സ്പെയിനിലെ സോഷ്യലിസ്റ്റ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് അടുത്തിടെ സ്വീകരിച്ച അനുരഞ്ജന നീക്കങ്ങൾ വിജയം കണ്ടതായാണ് സൂചന.
കഴിഞ്ഞ മാർച്ചിൽ കറ്റാലൻ പ്രസിഡന്റ് പെറി അരഗോണസാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. തന്റെ ന്യൂനപക്ഷ സർക്കാർ കൊണ്ടുവന്ന ബജറ്റ് പ്രതിപക്ഷം പരാജയപ്പെടുത്തിയതിനു പിന്നാലെയായിരുന്നു നടപടി. സ്വയംഭരണ പ്രവിശ്യയായ കാറ്റലോണിയയുടെ പ്രസിഡന്റായിരുന്ന പ്യൂഗ്ഡമണ്ട് 2017ൽ നടത്തിയ നിയമവിരുദ്ധമായ സ്വാതന്ത്ര്യനീക്കം സൃഷ്ടിച്ച കനത്ത രാഷ്ട്രീയ പ്രതിസന്ധി ആറരവർഷം പിന്നിടുന്നതിനിടെയാണ് വീണ്ടും വോട്ടെടുപ്പ്.
അന്ന്, ആയിരക്കണക്കിന് പൊലീസിനെ വിന്യസിച്ച് പ്യുഗ്ഡമണ്ടിനെയും മന്ത്രിസഭയെയും പുറത്താക്കുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്തായിരുന്നു സ്പാനിഷ് സർക്കാർ മേഖലയിൽ തൽസ്ഥിതി നിലനിർത്തിയത്. പ്യൂഗ്ഡമണ്ട് നാടുവിട്ടെങ്കിലും മറ്റു നേതാക്കളിൽ പലരും അറസ്റ്റിലായി. ഇവരിൽ പലർക്കും മൂന്നുവർഷം മുമ്പ് സാഞ്ചെസ് സർക്കാർ മാപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.