53 വർഷങ്ങൾ കഴിഞ്ഞിട്ടും ചുരുളഴിയാത്ത നിഗൂഢതയാണ് ചെറിൽ ഗ്രിമ്മർ കേസ്. 1970ലാണ് ആസ്ട്രേലിയൻ ബീച്ചിൽ വച്ച് മൂന്നുവയസുകാരിയായ ചെറിൽ ഗ്രിമ്മറിനെ കാണാതായത്. അവൾക്ക് വേണ്ടി തിരയാത്ത ഇടങ്ങളില്ലായിരുന്നു, നടത്താത്ത അന്വേഷണങ്ങളും.
അവൾ എവിടെ എന്നത് ഇന്നും ദുരൂഹതയായി അവശേഷിക്കുകയാണ്. എന്നാൽ, 53 വർഷങ്ങൾക്ക് ശേഷം ഒരാൾ കേസ് സംബന്ധിച്ച് വെളിപ്പെടുത്തലുമായി വന്നിരിക്കുകയാണ്. ചെറിലിനെ കാണാതായ ദിവസം ഒരു കൗമാരക്കാരൻ കുഞ്ഞിനെ എടുത്തു കൊണ്ടുപോകുന്നതായി കണ്ടു എന്നാണ് വെളിപ്പെടുത്തൽ.
നിലവിൽ ഈ കേസിൽ മുന്നോട്ടുവന്ന ഒരേയൊരു ദൃക്സാക്ഷി ഇയാളാണ്. സിഡ്‌നിയിൽ നിന്നും ഏകദേശം 80 കിലോമീറ്റർ തെക്കായി വോളോങ്കോങ്ങിന്റെ പ്രാന്തപ്രദേശത്തുള്ള ബീച്ചിൽ വച്ചായിരുന്നു സംഭവം.
2016ൽ 60 വയസുകാരനെ ചെറിലിന്റെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. കൗമാരപ്രായത്തിൽ ഒരു കുട്ടിയെ കൊന്നു എന്ന അയാളുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. എന്നാൽ, കുറ്റസമ്മതത്തെ തെളിവായി സ്വീകരിക്കാനാവില്ലെന്നാണ് ജഡ്ജി പറഞ്ഞത്. പിന്നീട് അറസ്റ്റ് ചെയ്യപ്പെട്ടയാൾ കുറ്റം നിഷേധിക്കുകയും ചെയ്തു. തുടർന്ന് ഇയാളെ വെറുതെ വിടുകയായിരുന്നു.
അനിയത്തിയുടെ തിരോധാനത്തിൽ ഇപ്പോഴും നീറി ജീവിക്കുകയാണ് ചെറിലിന്റെ സഹോദരൻ. ചെറിലിനെ നഷ്ടപ്പെടുമ്പോൾ നാല് വയസ്സായിരുന്നു അവന്റെ പ്രായം. തന്‍റെ മരണത്തിന് മുമ്പ് സഹോദരിക്ക് എന്ത് സംഭവിച്ചു എന്ന കാര്യത്തിൽ തനിക്കൊരുത്തരം കിട്ടുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്.
ചെറിലിനെ കാണാതായതിന്റെ 50ാമത്തെ വർഷം അവളുടെ തിരോധാനത്തിന് എന്തെങ്കിലും തെളിവ് നൽകുന്നവർക്ക് വലിയ തുക പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.