ബെയ്ജിങ്: തിബത്തൻ ജനതയുടെ ആത്മീയ നേതാവായ ദലൈലാമയുടെ പിൻഗാമി ചൈനയിൽനിന്നുതന്നെയാകണമെന്ന് ചൈനീസ് സർക്കാർ ധവളപത്രത്തിൽ വ്യക്തമാക്കി. ദലൈലാമക്ക് ഇപ്പോൾ 88 വയസ്സുണ്ട്. പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് തങ്ങളുടെ അംഗീകാരം വേണമെന്നും ചൈന പറയുന്നു. തിബത്തിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങളും വികസനവും കൊണ്ടുവന്ന് ആ പ്രദേശത്തെ ദക്ഷിണേഷ്യയിലേക്കുള്ള കവാടമാക്കാനാണ് പദ്ധതിയെന്ന് ധവളപത്രം വ്യക്തമാക്കി.
ഇന്ത്യ അതിർത്തിയോട് ചേർന്ന പ്രദേശമാണ് തിബത്ത്. ദലൈലാമക്കു പുറമെ മേഖലയിലെ രണ്ടാമത്തെ പ്രധാന ആത്മീയ നേതാവായ ‘പഞ്ചൻ റിംപോചെ’മാരും ചൈനക്കാരാകണം. നേരത്തെ ദലൈലാമ അവരോധിച്ച പഞ്ചൻ ലാമയെ മാറ്റി ചൈന പ്രതിഷ്ഠിച്ച നേതാവിന് ഹിമാലയൻ മേഖലയിൽ വലിയ സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലെന്നത് ചൈന അംഗീകരിക്കുന്നുണ്ട്.
ഇന്ത്യയിലെ ധരംശാലയിൽ കഴിയുന്ന ദലൈലാമ ആരെ പിൻഗാമിയായി അവരോധിക്കുമെന്ന ആശങ്കയും ചൈനക്കുണ്ട്. തിബത്തിലെ വിഘടനവാദം നേരിടുമെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ധവളപത്രത്തിൽ വ്യക്തമാക്കുന്നു. അതോടൊപ്പം മേഖലയിൽ പൂർണ മതവിശ്വാസ സ്വാതന്ത്ര്യമുണ്ടാകുമെന്നും ഒരു തരത്തിലും തിബത്തൻ ബുദ്ധിസ്റ്റുകളെ അടിച്ചമർത്തില്ലെന്നും ചൈന പറയുന്നു.
അരുണാചൽ പ്രദേശിന് സമീപത്തേക്ക് അതിവേഗ ട്രെയിനുകൾ സ്ഥാപിച്ചിട്ടുണ്ട്. അതിർത്തി മേഖലകളിലെ ജനതയുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്തും. നേപ്പാൾ വഴി തിബത്തിലേക്കുള്ള സഞ്ചാര സൗകര്യം വർധിപ്പിക്കും -ധവളപത്രം പറയുന്നു. തിബത്തിനെ ചൈന ജിസാംഗ് എന്നാണ് വിശേഷിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.