വാഷിംങ്ടണ്‍: അമേരിക്കയിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവായ ജോ ബൈഡനോട് താന്‍ തോല്‍ക്കണമെന്നാണ് ചൈന ആഗ്രഹിക്കുന്നതെന്ന് പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപ്. ബൈഡൻ പ്രസിഡൻറായാൽ ചൈനയാകും അമേരിക്ക ഭരിക്കുകയെന്നും ട്രംപ് പറഞ്ഞു. ന്യൂജഴ്‌സിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ചൈനക്കും ജോ ബൈഡനുമെതിരെ ആരോപണമുയർത്തിയത്.
''ഉറക്കംതൂങ്ങിയായ ജോ ബൈഡനോട് ഞാന്‍ പരാജയപ്പെടണമെന്നാണ് ചൈന ആഗ്രഹിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ അത് കാണാനാണ് അവര്‍ കാത്തിരിക്കുന്നത്. നമ്മുടെ രാജ്യം സ്വന്തമാക്കാമെന്ന് അവർ സ്വപ്നം കാണുന്നു. ജോ ബൈഡന്‍ അധികാരത്തിലെത്തിയാല്‍ ചൈനയാകും നമ്മുടെ രാജ്യം ഭരിക്കുക''- ട്രംപ് പറഞ്ഞു.
ഇറാനും താൻ തോൽക്കണമെന്ന് തന്നെയാണ് ആഗ്രഹിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. നവംബറിലെ തെരഞ്ഞടുപ്പില്‍ താൻ പരാജയപ്പെടുന്നത് കാണാന്‍ ഇറാനും ആഗ്രഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇറാനുമായുള്ള കരാറുകളിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും ട്രംപ് പറഞ്ഞു.
താൻ വീണ്ടും അധികാരത്തിലെത്തിയാൽ ഉത്തരകൊറിയയുമായുള്ള കരാറുകളിലും വേഗത്തില്‍ തീരുമാനമെടുക്കും. 2016 ലെ തെരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചില്ലായിരുന്നെങ്കില്‍ അമേരിക്കക്ക് ഉത്തരകൊറിയയുമായി യുദ്ധത്തിലേര്‍പ്പെടേണ്ടി വരുമായിരുന്നു. ഉത്തരകൊറിയയുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
അമേരിക്കക്ക് ചൈന ഒരു വലിയ ഭീഷണി തന്നെയാണെന്നും ട്രംപ് പറഞ്ഞു.ചൈനയുടെ എല്ലാ നീക്കങ്ങളും വളരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന് ഏറ്റവും വലിയ ഭീഷണി മെയില്‍-ഇന്‍ ബാലറ്റുകളാണ്. കാരണം ഒരു വിദേശ ശക്തിക്ക് വളരെ എളുപ്പത്തിൽ അട്ടിമറിക്കാന്‍ കഴിയുന്ന ഒന്നാണ് മെയില്‍ ഇന്‍ വോട്ടുകള്‍. റഷ്യ, ചൈന, ഇറാന്‍, ഉത്തര കൊറിയ എന്നിങ്ങനെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍പ്പറഞ്ഞ രീതിയില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും ട്രംപ് വിശദീകിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.