ബീജിങ്: ചൈനയിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ സിൻജിയാങ്ങിൽ ഇസ്‌ലാമിന്റെ ചൈനാവത്കരണം അനിവാര്യമാണെന്ന് സിൻജിയാങ്ങിലെ കമ്മ്യൂണിസ്റ്റ് സെക്രട്ടറി മാ സിൻഗ്രൂയി.
‘സിൻജിയാങ്ങിൽ ഇസ്‌ലാമിനെ ചൈനാവത്കരിക്കണമെന്നത് എല്ലാവർക്കും അറിയാം. ഇതൊരു അനിവാര്യമായ പ്രവണതയാണ്’ -മാ സിൻഗ്രൂയിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ബീജിങ്ങിൽ നടക്കുന്ന പാർലമെൻറ് വാർഷികസമ്മേളനത്തോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‍ലിംപള്ളികൾ തകർത്തും വിശ്വാസികളെ തടവറയിലിട്ടും ചൈനീസ് ഗവൺമെന്റ് സിൻജിയാങ്ങിൽ നടത്തുന്ന ഇസ്‍ലാം വിരുദ്ധ പ്രവർത്തനങ്ങളെ നിരവധി മനുഷ്യാവകാശ സംഘടനകൾ വിമർശിച്ചിരുന്നു. ഇത് മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും സാംസ്‌കാരിക അധിനിവേശമാണെന്നും പ്രമുഖർ അഭിപ്രായപ്പെട്ടിരുന്നു. മുസ്ലിം ഇമാമുമാർ, ജൂത റബ്ബിമാർ, ക്രിസ്ത്യൻ ബിഷപ്പുമാർ, കർദ്ദിനാൾമാർ തുടങ്ങിയവരുടെ കൂട്ടായ്മ സിൻജിയാങ്ങിലെ സ്ഥിതിവിശേഷത്തെ ഹോളോകോസ്റ്റുമായാണ് താരതമ്യം ചെയ്തത്.
ഉയ്ഗൂർ മുസ്‍ലിംകളെ ചൈനീസ് കമ്യൂണിസ്റ്റ് സർക്കാർ കൂട്ടത്തോടെ തടങ്കൽപ്പാളയങ്ങളിൽ പാർപ്പിച്ചതായും നിരീക്ഷണത്തിനും പീഡനത്തിനും വിധേയമാക്കുന്നതായും യു.എസ് ആഭ്യന്തരവകുപ്പും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, തടങ്കൽപ്പാളയങ്ങൾ അടച്ചതായി ചൈനീസ് സർക്കാർ അവകാശപ്പെടുന്നുണ്ടെങ്കിലും പുരുഷന്മാരും സ്ത്രീകളുമടക്കം ആയിരക്കണക്കിന് ഉയ്ഗൂർ മുസ്‍ലിംകൾ ഇപ്പോഴും തടങ്കൽപ്പാളയങ്ങളിലോ ജയിലുകളിലോ കഴിയുകയാണെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.