'മൂന്ന് കുട്ടികൾ' എന്ന ചൈനീസ് നയം ജനനനിരക്ക് ഗണ്യമായി വർധിപ്പിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധൻ

ബീജിങ്: ചൈനയുടെ അടുത്തിടെ പ്രഖ്യാപിച്ച 'മൂന്ന് കുട്ടികൾ' എന്ന നയം ജനനനിരക്ക് ഗണ്യമായി വർധിക്കാൻ രാജ്യത്തെ സഹായിക്കില്ലെന്ന് സാമ്പത്തിക വിദഗ്ധൻ യാവോ യാങ്. കുറഞ്ഞ വാർഷിക ജനനനിരക്ക് എന്ന ചൈനയുടെ ദീർഘകാല നിലപാടിന് പുതിയ നയം ഗുണകരമാവില്ലെന്നും യാങ് സൗത്ത് ചൈന മോർണിങ് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.

മൂന്ന് കുട്ടികൾക്ക് ജന്മം നൽകാൻ കുടുംബങ്ങളെ അനുവദിക്കുന്നതിനുള്ള സർക്കാർ നീക്കം ജനന നിരക്കിൽ ഹ്രസ്വകാല വർധനവിന് ഇടയാക്കാം. എന്നാൽ, ഇത് ദീർഘകാലം തുടരുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നും യാങ് വ്യക്തമാക്കി.

പ്രായമാകുന്ന ഒരു സമൂഹത്തിനായി നന്നായി തയ്യാറെടുക്കുന്നതാണ് ഗുണകരം. അതാണ് കിഴക്കൻ ഏഷ്യൻ സമൂഹങ്ങളുടെ വിധിയെന്നും അദ്ദേഹം പറഞ്ഞു. പ്രായമാകുന്ന ജനസംഖ്യ ഉണ്ടായിരുന്നിട്ടും ഉൽ‌പാദനക്ഷമത വർധിക്കുന്നത് സാമ്പത്തിക വളർച്ചാ നിരക്കിനെ അടുത്ത ദശകത്തിൽ 5.5 മുതൽ ആറ് ശതമാനം വരെ നിലനിർത്താൻ കഴിയുമെന്നും യാവോ ചൂണ്ടിക്കാട്ടി.

നഗരവൽക്കരണം, വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ ചൈന ഉയർന്ന തോതിൽ നിക്ഷേപം നടത്തണം. ചൈനയുടെ വളർച്ചക്ക് നിക്ഷേപം കാരണമാകരുതെന്ന് മറ്റുള്ളവർ പറയുന്നു. താൻ അതിനോട് യോജിക്കുന്നില്ല. ചൈനക്ക് ഇപ്പോഴും മൂലധനം ആവശ്യമാണെന്നും യാങ് പറഞ്ഞു.

കഴിഞ്ഞ വർഷം പ്രസിഡന്‍റ് ഷീ ജിൻപിങ്, ഉന്നത സാമ്പത്തിക ഉദ്യോഗസ്ഥനായ ലിയു ഹി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ സാമ്പത്തിക വിദഗ്ധരുടെ സംഘത്തിൽ അംഗമായിരുന്നു യാവോ യാങ്. പീക്കിങ് സർവകലാശാലയിലെ നാഷണൽ സ്‌കൂൾ ഓഫ് ഡെവലപ്‌മെന്‍റ് ഡീൻ ആണ് അദ്ദേഹം.

Tags:    
News Summary - China's 3-child policy won't drastically raise birthrate: Top economist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.