ദമസ്കസ്: വടക്കുപടിഞ്ഞാറൻ സിറിയയിലെ ഭൂകമ്പബാധിത പ്രദേശത്ത് കോളറവ്യാപനവും. രണ്ടുപേർ മരിക്കുകയും 568 കേസുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഫെബ്രുവരി ആറിനുണ്ടായ ഭൂകമ്പത്തിൽ പരിക്കേറ്റവരെ ചികിത്സിക്കാൻ ആശുപത്രികളും ആരോഗ്യപ്രവർത്തകരും പാടുപെടുകയാണ്. അതിനിടയിൽ കോളറ വ്യാപനം കൂടിയാകുന്നത് വലിയ പ്രശ്നം സൃഷ്ടിക്കും.
ഭൂകമ്പത്തിൽ കുടിവെള്ള സ്രോതസ്സുകളും മലിനജല പൈപ്പുകളും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കപ്പെട്ടത് കോളറ വ്യാപനത്തിന് കാരണമായെന്നാണ് വിലയിരുത്തൽ. ശുദ്ധജലത്തിന്റെ അഭാവം അഭയാർഥി ക്യാമ്പുകളിൽ സ്ഥിതി വഷളാക്കി. ഭൂകമ്പത്തിനു മുമ്പുതന്നെ മലിനജല നിർമാർജനത്തിനും ശുദ്ധജല വിതരണത്തിനും ശരിയായ സംവിധാനങ്ങൾ ഇല്ലാത്തത് പ്രദേശത്ത് പ്രയാസം സൃഷ്ടിച്ചിരുന്നു. ആയിരക്കണക്കിനാളുകൾക്കാണ് ഭൂകമ്പത്തിൽ കിടപ്പാടം നഷ്ടപ്പെട്ടത്.
സിറിയയിൽ 20000ത്തിലധികം കെട്ടിടങ്ങളാണ് തകർന്നത്. അഭയാർഥി ക്യാമ്പുകളിൽ മെച്ചപ്പെട്ട സൗകര്യങ്ങളില്ല. 40 ശതമാനത്തിലധികം ക്യാമ്പുകളിൽ ശുദ്ധജലം ഇല്ലെന്ന് സാമൂഹിക പ്രവർത്തകൻ നൂർ ഖർമുഷ് അൽ ജസീറ ചാനലിനോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.