വെല്ലിങ്ടൺ: സ്ഥാനമൊഴിഞ്ഞ ജസീന്ത ആർഡേന് പകരം ലേബർ പാർട്ടി എം.പിയായ ക്രിസ് ഹിപ്കിൻസ് ന്യൂസിലൻഡിന്റെ 41ാം പ്രധാനമന്ത്രിയാകും. നിലവിൽ പൊലീസ്- വിദ്യാഭ്യാസ- പൊതുസേവന മന്ത്രിയാണ് 44 കാരനായ ഹിപ്കിന്‍സ്. ഒക്ടോബർ 14നാണ് അടുത്ത പൊതുതെരഞ്ഞെടുപ്പ്. അതുവരെ എട്ടുമാസം ഹിപ്കിൻസ് പ്രധാനമന്ത്രിയായി തുടരും.
ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടി എം.പിമാർ നാമനിർദേശം ചെയ്തത് ക്രിസ് ഹിപ്കിന്‍സിനെ മാത്രമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പേര് സ്ഥിരീകരിക്കാനും നാമനിർദേശം അംഗീകരിക്കാനും ഞായറാഴ്ച ഉച്ചയോടെ യോഗം ചേരുമെന്ന് ലേബര്‍ പാര്‍ട്ടി വിപ്പ് ഡങ്കന്‍ വെബ് പ്രസ്താവനയില്‍ അറിയിച്ചു. പ്രധാനമന്ത്രിയാകാൻ ഞായറാഴ്ച പ്രതിനിധിസഭയിൽ ലേബർ പാർട്ടി ഹിപ്കിൻസിന് ഔദ്യോഗികമായി അംഗീകാരം നൽകണം. എന്നാലിനി ഇത് ഔപചാരികത മാത്രമാണ്. പിന്തുണ ലഭിച്ചാൽ, ജസീന്ത ആർഡേൻ ഗവർണർ ജനറലിന് ഔദ്യോഗികമായി രാജിക്കത്ത് സമർപ്പിക്കും. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഉത്തരവാദിത്തവും ഏറ്റവും വലിയ അംഗീകാരവുമാണിതെന്ന് നാമനിർദേശം ചെയ്യപ്പെട്ട ശേഷം ശനിയാഴ്ച വെല്ലിങ്ടണിൽ ഹിപ്കിൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൈക്കല്‍ വുഡ് ഉള്‍പ്പെടെ മറ്റ് മൂന്നുപേർക്ക് കൂടി സാധ്യത കൽപിച്ചിരുന്നെങ്കിലും ഹിപ്കിൻസിനാണ് നറുക്ക് വീണത്. ആർഡേണിന്റെ പിൻമാറ്റം ഉയർത്താനിടയുള്ള അനൈക്യത്തിന്റെ സൂചന ഒഴിവാക്കാനാണ് മറ്റ് എം.പിമാരും ഹിപ്കിൻസിന് പിന്നിൽ അണിനിരന്നതെന്നാണ് റിപ്പോർട്ടുകൾ. 2008 മുതല്‍ പാര്‍ലമെന്റ് അംഗമാണ് ഹിപ്കിൻസ്. 2020 നവംബറിൽ കോവിഡ് 19 കൈകാര്യം ചെയ്യുന്ന വകുപ്പ് മന്ത്രിയായി നിയമിതനായി. അന്ന് രാജ്യത്ത് കോവിഡ് നിയന്ത്രണത്തിൽ ജസീന്തക്കൊപ്പം നിന്ന് പ്രവർത്തിച്ച് ജനശ്രദ്ധ പിടിച്ചുപറ്റി. മറ്റ് നിയമനിർമാതാക്കൾ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ച രാഷ്ട്രീയ ട്രബിൾഷൂട്ടറായാണ് അദ്ദേഹം അറിയപ്പെടുന്നത്. എങ്കിലും മറ്റ് ലേബർ പാർട്ടി എം.പിമാരെപ്പോലെ ജസീന്തയുടെ നിഴലായി കഴിയുകയായിരുന്നു. ഹിപ്കിൻസ് ജസീന്തയേക്കാൾ പൊതു സ്വീകാര്യനാണെന്ന് ലേബർ പാർട്ടി കേന്ദ്രങ്ങൾ കരുതുന്നു. സാമ്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യലാണ് അദ്ദേഹത്തിന്റെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. ലേബർ പാർട്ടിക്ക് ഉയർത്തിക്കാട്ടാനുള്ളത് കോവിഡ് പോരാട്ടവിജയം മാത്രമാണ്. എന്നാൽ ന്യൂസിലൻഡുകാർക്ക് ഇപ്പോഴിത് അത്ര പ്രാധാന്യമല്ലെന്നാണ് വിലയിരുത്തൽ.
ന്യൂസിലൻഡിലെ തൊഴിലില്ലായ്മ നിരക്ക് താരതമ്യേന കുറവാണ്- 3.3 ശതമാനം. എന്നാൽ പണപ്പെരുപ്പം 7.2 ശതമാനമാണ്. പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാൻ ന്യൂസിലൻഡിലെ റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്ക് 4.25 ശതമാനമായി ഉയർത്തിയിരുന്നു. രാജ്യം ഈവർഷം മാന്ദ്യത്തിലേക്ക് നീങ്ങുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രവചിച്ചത്.
പണപ്പെരുപ്പവും വർധിച്ചുവരുന്ന സാമൂഹിക അസമത്വവും അഭിപ്രായ വോട്ടെടുപ്പുകളിൽ ജസീന്തയുടെ ജനപ്രീതി കുറച്ചിരുന്നു. രാജ്യത്തെ ലേബർ പാർട്ടിയുടെ പൊതു അംഗീകാരത്തിലും വലിയ ഇടിവുണ്ട്. പ്രധാന പ്രതിപക്ഷമായ നാഷനൽ പാർട്ടിയെക്കാൾ പിന്നിലാണ് ലേബർ പാർട്ടി എന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.
പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പടിയിറങ്ങുകയാണെന്ന് ജസീന്ത ആർഡേൻ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.