രക്ഷാമാർഗം അടക്കൽ: പഴിചാരി റഷ്യയും യുക്രെയ്നും

യു.എൻ: അധിനിവേശത്തിനിടയിൽ അകപ്പെട്ടവരെ സുരക്ഷിതമായി കടന്നുപോകാൻ അനുവദിക്കുന്ന മാനുഷിക ഇടനാഴികൾ തടസ്സപ്പെടുത്തുന്നതായി റഷ്യയും യുക്രെയ്നും പരസ്പരം ആരോപിച്ചു. യു.എൻ സുരക്ഷാ കൗൺസിലിൽ യുക്രെയ്നിലെ സാഹചര്യത്തെക്കുറിച്ചുള്ള ചർച്ചക്കിടെയാണ് ഇരുരാഷ്ട്രങ്ങളുടെയും പഴിചാരൽ.

"റഷ്യൻ ആക്രമണത്തെ തുടർന്ന് ഇന്ത്യ, ചൈന, തുർക്കി, പാകിസ്താൻ രാജ്യങ്ങളിലെ രണ്ടായിരത്തിലധികം പൗരന്മാർ യുക്രെയ്നിയക്കാർക്കൊപ്പം കഷ്ടപ്പെടുന്നതിൽ ഖേദിക്കുന്നു. വിദേശ പൗരന്മാർക്ക് സുരക്ഷിതമായി മടങ്ങാൻ യുക്രെയ്ൻ സർക്കാർ നയതന്ത്ര ദൗത്യങ്ങളുമായും വിദേശ രാജ്യങ്ങളിലെ കോൺസുലേറ്റുകളുമായും 24 മണിക്കൂറും ബന്ധപ്പെടുന്നുണ്ട്. ഇതിനു പുറമെ, വിദേശകാര്യ മന്ത്രാലയം അടിയന്തര ഹോട്ട്‌ലൈൻ സ്ഥാപിച്ചു. യൂറോപ്യൻ യൂനിയൻ രാജ്യങ്ങളുമായും മൾഡോവയുമായും സഹകരിച്ച് യുക്രെയ്നിൽനിന്നുള്ള എല്ലാ അഭയാർഥികളെയും കടത്തിവിടാൻ സാധ്യമായതെല്ലാം ചെയ്യുകയാണ്.

നിരപരാധികളെ കൊല്ലുന്നതും പരിക്കേൽപിക്കുന്നതും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നശിപ്പിക്കുന്നതിനും, സുരക്ഷിത പാതയിൽ തടസ്സമുണ്ടാക്കുന്നതിലുമെല്ലാം പൂർണ ഉത്തരവാദിത്തം റഷ്യക്കാണ് -യുക്രെയ്നിലെ യു.എൻ സ്ഥാനപതി സെർജി കിസിലിത്സിയ പറഞ്ഞു. യുക്രെയ്നിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് കടന്നുപോകാനുള്ള അടിയന്തര സാഹചര്യം ഒരുക്കണമെന്ന് ഇന്ത്യ ആവർത്തിച്ചാവശ്യപ്പെട്ട കാര്യം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തി വെളിപ്പെടുത്തി.

ഇരുപക്ഷത്തോടും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും, സുമിയിൽ കുടുങ്ങിപ്പോയവർക്ക് സുരക്ഷിത ഇടനാഴി യാഥാർഥ്യമാകാത്തതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

1,500ലധികം വിദേശ പൗരന്മാരെ ബന്ദികളാക്കി മനുഷ്യകവചമായി ഉപയോഗിക്കുകയാണ് തീവ്രവാദികളെന്ന് റഷ്യൻ സ്ഥിരം പ്രതിനിധി വാസിലി നെബെൻസിയ പറഞ്ഞു. ഇക്കാര്യത്തിൽ മോസ്കോക്കുള്ള ആശങ്ക അദ്ദേഹം മറച്ചുവെച്ചില്ല.

Tags:    
News Summary - Closing the escape route: Russia and Ukraine to blame

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.