ബാഗോട്ട: വിമാനം തകർന്നുവീണ് ഉറ്റവർ മരിച്ച് കൊടുംകാട്ടിനുള്ളിൽ അനാഥരായി അലഞ്ഞുനടന്ന മക്കളെ ഒടുവിൽ കണ്ടെത്തിയ സന്തോഷത്തിൽ കൊളംബിയ. വിമാനങ്ങൾ, ഹെലികോപ്ടറുകൾ എന്നിവയുടെ സഹായത്തോടെ 100 സൈനികരും മണംപിടിക്കുന്ന നായ്ക്കളുമടക്കം പങ്കാളികളായ തിരച്ചിലിനൊടുവിലാണ് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞുൾപ്പെടെ നാലു കുട്ടികളെയും 17 ദിവസത്തിനു ശേഷം തിരികെ കിട്ടിയത്. 13, 9, 4 വയസ്സുകാരാണ് മറ്റു കുട്ടികൾ. പൈലറ്റടക്കം മൂന്നു മുതിർന്നവരും നാലു കുട്ടികളുമായി ആമസോണാസ് പ്രവിശ്യയിൽ അരാരകുവാരയിൽനിന്ന് ഗ്വാവിയർ പ്രവിശ്യയിലേക്ക് ഏഴ് പേരുമായി യാത്രതിരിച്ച സെസ്ന 206 വിമാനമാണ് അപകടത്തിൽപെട്ടിരുന്നത്. ഒരേ അമ്മയുടെ മക്കളായിരുന്നു നാലു കുട്ടികളും. മാതാവ് ദുരന്തത്തിൽ മരിച്ചു.
കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് മക്കളെ കണ്ടെത്തിയ വിവരം സമൂഹമാധ്യമത്തിൽ അറിയിച്ചത്. ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്തു വന്നിട്ടില്ലെന്ന് സൈന്യം അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്.
ആമസോൺ മഴക്കാടുകൾക്ക് മുകളിൽ എൻജിൻ തകരാറുള്ളതായി പൈലറ്റ് അറിയിച്ച് വൈകാതെ വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. പിന്നീട് നടന്ന തിരച്ചിലിൽ തകർന്നുവീണ വിമാനം കണ്ടെത്തി. കുട്ടികളുടെ മാതാവടക്കം മുതിർന്ന മൂന്നുപേരുടെയും മൃതദേഹവും ലഭിച്ചു. കുട്ടികൾ നാലുപേരെയും കണ്ടെത്താനായില്ല. ഇവർ കഴിച്ചതിന്റെയെന്ന് കരുതുന്ന ഭക്ഷണാവശിഷ്ടങ്ങൾ, മുലപ്പാൽ കുപ്പി, ഹെയർബാൻഡ്, കത്രിക, വടിയും ചില്ലകളും കൊണ്ട് കെട്ടിയ മറ എന്നിവയും കഴിഞ്ഞ ദിവസങ്ങളിൽ അന്വേഷണസംഘം തിരിച്ചറിഞ്ഞു. സൈനികവിമാനങ്ങളടക്കം പങ്കാളികളായ തിരച്ചിൽ ഒടുവിൽ ലക്ഷ്യം കാണുകയായിരുന്നു.
ഹ്യൂട്ടോട്ടോ വിഭാഗത്തിൽപെട്ട ഗോത്രവർഗക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. റോഡ് സൗകര്യം കുറവായതിനാൽ ഇവിടെ കുടുംബങ്ങൾ യാത്രകൾക്ക് കുഞ്ഞുവിമാനങ്ങളുടെ സഹായം തേടാറുണ്ട്. ഇത്തരം യാത്രകളിലൊന്നാണ് ദുരന്തമായത്. കാട്ടിൽ കഴിഞ്ഞ് പരിചയമുള്ളതിനാലാണ് കുട്ടികൾ ഇത്രനാൾ അതിജീവിച്ചതെന്നാണ് സൂചന. കണ്ടെത്തിയ കുട്ടികളെ പുഴക്കരയിലെത്തിച്ച് ബോട്ടിൽ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയതായി അപകടത്തിൽപെട്ട വിമാനത്തിന്റെ ഉടമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.