‘ഇതും ഹാനിബാൾ ഡയറക്ടീവ്, നെതന്യാഹു രാഷ്ട്രീയ നേട്ടത്തിന് ബന്ദികളെ ബലികഴിക്കുന്നു’

തെൽഅവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബന്ദികളുടെ ജീവൻ ബലികഴിച്ച് തന്റെ രാഷ്ട്രീയനേട്ടം ഉറപ്പിക്കുകയാണന്ന ആരോപണവുമായി ബന്ദിയുടെ ബന്ധു. ശത്രുവുമായുള്ള ഏറ്റുമുട്ടലിനിടെ സ്വന്തം പൗരന്മാരെ കൊല്ലാൻ ഇസ്രായേൽ സേനയെ അനുവദിക്കുന്ന ‘ഹാനിബാൾ ഡയറക്ടീവ്’ എന്ന വിവാദ സൈനിക നടപടിയുടെ ഭാഗമായി അവരെ ഇല്ലാതാക്കുകയാണെന്നും മിഡിലീസ്റ്റ് മോണിറ്ററിന് നൽകിയ അഭിമുഖത്തിൽ അവർ ആരോപിച്ചു.

‘രാഷ്ട്രീയ നേട്ടം കൈവരിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായി ഗസ്സയിൽ ബന്ദികളാക്കിയവരെ ബോധപൂർവം ബലി കഴിക്കുകയാണ് നെതന്യാഹു. വിപുലമായ ‘ഹാനിബാൾ നിർദ്ദേശ’ത്തിന്റെ ഭാഗമാണിത്. എന്റെ ഗവൺമെന്റ്, എന്റെ പ്രധാനമന്ത്രി, എന്റെ രാജ്യത്തെ മന്ത്രിസഭ, എന്റെ പ്രതിരോധമന്ത്രി ബന്ദികളെ ഉന്മൂലനം ചെയ്യുകയാണ്’ -ബന്ദിയായി തുടരുന്ന ഓഫർ കാൽഡെറോണിന്റെ ബന്ധു നോം ഡാൻ ആരോപിച്ചു.


ബന്ദികളെ ഒന്നൊന്നായി ബലിയാടാക്കി ഇസ്രയേലി സർക്കാർ ബന്ദികളുടെ കുടുംബങ്ങളെ കബളിപ്പിക്കുകയാണെന്ന് അടുത്തിടെ ഗസ്സയിൽ കൊല്ലപ്പെട്ട ബന്ദി ഇറ്റായ് സ്വിർസ്‌കിയുടെ സഹോദരി മെറാവ് സ്വിർസ്‌കി ആരോപിച്ചു. ‘ഇസ്രായേലിലെ നെതന്യാഹു സർക്കാറാണ് ഇറ്റായ് സ്വിർസ്‌കിയുടെ കൊലപാതകത്തിന് ഉത്തരവാദി. ഐ.ഡി.എഫ് ആക്രമണത്തിന്റെ സമ്മർദ്ദത്തെ തുടർന്നാണ് തന്റെ സഹോദരനെ ഹമാസ് വെടിവച്ചു കൊന്നത്. സർക്കാർ ഞങ്ങളോട് കള്ളം പറയുന്നു. അവർ ബന്ദികളെ ബലിയർപ്പിക്കുന്നു, അവരെ ഉപേക്ഷിക്കുന്നു’ -മെറാവ് സ്വിർസ്‌കി ചാനൽ അഭിമുഖത്തിൽ പറഞ്ഞു.


‘ഹാനിബാള്‍ ഡയറക്ടീവ്’

ശത്രുക്കളുടെ പിടിയിലകപ്പെടുന്ന ഇസ്രായേലി പൗരന്മാരെയും സൈനികരെയും കൊലപ്പെടുത്തിയാണെങ്കിലും ബന്ദികളാക്കുന്നത് തടയാൻ സൈന്യത്തിന് അനുമതി നൽകുന്നതാണ് വിവാദമായ ‘ഹാനിബാള്‍ ഡയറക്ടീവ്’. ഒക്ടോബർ ഏഴിലെ ഹമാസിന്റെ 'തൂഫാനുൽ അഖ്സ' ഓപറേഷനിടെ, ഇസ്രായേൽ ഹാനിബാള്‍ ഡയറക്ടീവ് ഉത്തരവിറക്കിയെന്നും അതനുസരിച്ച് സ്വന്തം പൗരന്മാരെയും സൈനികരെയും വധിച്ചുവെന്നും ഇസ്രായേലി മാധ്യമങ്ങളടക്കം വെളിപ്പെടുത്തിയിരുന്നു.

'തൂഫാനുൽ അഖ്സ'യിൽ ഹമാസ് സാധാരണ ജനങ്ങളെ ലക്ഷ്യമിട്ടിരുന്നില്ലെന്നും ഇസ്രായേല്‍ ഹാനിബാള്‍ ഡയറക്ടീവിന്റെ ഭാഗമായി സാധാരണക്കാരെയും അവരുടെ തന്നെ സൈനികരെയും വധിച്ചുവെന്നും ഹമാസ് ഡെപ്യൂട്ടി ലീഡറായിരുന്ന സാലിഹ് അറൂറി വെളിപ്പെടുത്തിയിരുന്നു. ‘ഹമാസിന് തടവില്‍ കഴിയുന്നവരെയോ സാധാരണക്കാരെയോ ദ്രോഹിക്കാന്‍ കഴിയില്ല. അന്താരാഷ്ട്ര യുദ്ധനിയമങ്ങള്‍ക്കനുസരിച്ചാണ് ഹമാസ് പ്രവര്‍ത്തിക്കുന്നത്. കുട്ടികളെയും സ്ത്രീകളെയും ആക്രമിക്കരുതെന്നാണ് അല്‍ ഖസ്സാമിന്റെ കമാന്‍ഡര്‍-ഇന്‍-ചീഫ് അബു ഖാലിദ് അല്‍ ദെയ്ഫിന്റെ നിര്‍ദേശം’ -എന്നായിരുന്നു സാലിഹ് അറൂറി അന്ന് പറഞ്ഞത്. പിന്നീട് ഇസ്രായേൽ ആക്രമണത്തിൽ അറൂറി കൊല്ലപ്പെട്ടു.

ഹമാസി​ന്റെ ആക്രമണത്തിനിടെ സ്വന്തം പൗരന്മാരെയും സൈനികരെയും വധിക്കാൻ ഇസ്രായേൽ ഉത്തരവിട്ടെന്ന് യെദിയോത് അഹറോനോത്ത് എന്ന ഇസ്രായേൽ പത്രം നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജനുവരി 12നാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പത്രം പ്രസിദ്ധീകരിച്ചത്. ഹമാസ് ഇസ്രായേൽ പൗരന്മാരെ ഫലസ്തീനിലേക്ക് കൊണ്ടുപോകുന്നത് തടയാനായിരുന്നു വിവാദമായ ഹാനിബാൾ പ്രോട്ടോകോൾ ഇസ്രായേൽ സൈന്യം നടപ്പാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

Tags:    
News Summary - Cousin of captive accuses Israeli PM of sacrificing hostages for political gain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.