ഒരുഭാഗത്ത് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമൈക്രോൺ എന്ന കൊറോണ വൈറസിന്‍റെ തീവ്രതയേറിയ വകഭേദം. മറുഭാഗത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കോവിഡിൽനിന്ന് മുക്തമാകാൻ ഇനിയും കാലമേറെയെടുക്കും എന്ന സൂചനയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നത്.
കോവിഡ് കേസുകൾ വർധിച്ചതോടെ യൂേറാപ്പിൽ രണ്ട് രാജ്യങ്ങളാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ആദ്യം ആസ്ട്രിയായാണ് രാജ്യം അടച്ചിട്ടത്. ഇപ്പോൾ സ്ലൊവാക്യയും 14 ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. രാജ്യത്ത് 90 ദിവസത്തെ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്തിൽ തന്നെ ഏറ്റവും വേഗത്തിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് സ്ലൊവാക്യ.
ലോക്ഡൗൺ, അടിയന്തരാവസ്ഥ എന്നിവയിലൂടെ കോവിഡ് കേസുകളുടെ എണ്ണം നിയന്ത്രിക്കാൻ കഴിയുമെന്നാണ് രാജ്യം പ്രതീക്ഷിക്കുന്നത്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയെല്ലാം അടച്ചിട്ടിരിക്കുകയാണ്.
അവശ്യ സാധനങ്ങൾ വാങ്ങൽ, ജോലിയുമായി ബന്ധപ്പെട്ട യാത്രകൾ, വാക്സിനേഷൻ എടുക്കൽ എന്നിവക്ക് മാത്രമേ ആളുകൾക്ക് പുറത്തിറങ്ങാൻ അനുവാദമുള്ളൂ. അടിയന്തരാവസ്ഥാക്കാലത്ത് ആറിലധികം ആളുകൾ ഒത്തുകൂടുന്നതും നിരോധിച്ചിട്ടുണ്ട്. ഒരേ വീട്ടിൽ താമസിക്കുന്നവർക്ക് ഇത് ബാധകമല്ല.
യൂറോപ്പിലെ ഏറ്റവും കുറഞ്ഞ വാക്സിനേഷൻ നിരക്കിൽ സ്ലൊവാക്യ മൂന്നാം സ്ഥാനത്താണ്. ഇതുവരെ, ഏകദേശം 45 ശതമാനം പേർ മാത്രമേ പൂർണ്ണമായി വാക്സിൻ എടുത്തിട്ടുള്ളൂ.
സ്ലൊവാക്യയുടെ അയൽ രാജ്യങ്ങളിലും കേസുകൾ വർധിച്ചുകൊണ്ടിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്കിലും ഹംഗറിയിലും കഴിഞ്ഞദിവസങ്ങളിൽ കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.