കോവിഡ് ലോക്ഡൗൺ; നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം

ഹേഗ്: ഡച്ച് സർക്കാറിന്‍റെ പുതിയ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ നെതർലൻഡ്സിൽ തെരുവിലിറങ്ങി ജനം. ഹേഗിൽ പ്രതിഷേധക്കാർ പൊലീസിനു നേരെ കല്ലും പടക്കങ്ങളും എറിഞ്ഞു. റോഡരികിൽ നിർത്തിയിട്ട ബൈക്കുകളും സൈക്കിളുകളും അഗ്നിക്കിരയാക്കി. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

അഞ്ചു പൊലീസുകാർക്ക് പരിക്കേറ്റു. ഏഴുപേരെ അറസ്റ്റ് ചെയ്തു. രാജ്യത്തെ മറ്റു നഗരങ്ങളിലും പ്രതിഷേധം ശക്തമാണ്. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവ് രേഖപ്പെടുത്തിയതോടെ ഡച്ച് സർക്കാർ രാജ്യത്ത് മൂന്നാഴ്ചത്തേക്ക് ലോക്ഡൗൺ നടപ്പാക്കിയിരുന്നു. ഇതാണ് പ്രതിഷേധത്തിനിടയാക്കിയത്. കൂടാതെ, വാക്സിൻ സ്വീകരിക്കാത്തവരെ പൊതുസ്ഥലങ്ങളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതും സർക്കാറിന്‍റെ പരിഗണനയിലാണ്.

മധ്യ നെതർലൻഡ്സിലെ യുഓർക്ക് നഗരത്തിലും ലിംബർഗ് മേഖലയിലും ജനം പ്രതിഷേധവുമായി തെരുവിലിറങ്ങി. രോഷകുലരായ ജനം രണ്ടു ഫുട്ബാൾ മത്സരങ്ങളും തടസ്സപ്പെടുത്തി. അൽകമാറിൽ ഫസ്റ്റ് ഡിവിഷൻ മത്സരവും കിഴക്കൻ നഗരമായ അൽമിലോയിൽ മറ്റൊരു മത്സരവും ഏതാനും സമയം തടസ്സപ്പെടുത്തിയതായി ഡച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റോട്ടർഡാം നഗരത്തിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ തെരുവിലിറങ്ങിയവർക്കുനേരെ വെള്ളിയാഴ്ച പൊലീസ് വെടിയുതിർത്തതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. പ്രതിഷേധക്കാരെ മേയർ അക്രമാസക്തിയുള്ളവർ എന്ന് വിളിച്ചതും ജനത്തെ ചൊടിപ്പിച്ചു. ഇവിടെ മാത്രം 51 പേരെയാണ് അറസ്റ്റ് ചെയ്തത്.

യുറോപ്യലെ മറ്റു രാജ്യങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. ഇവിടങ്ങളിൽ ലോക്ഡൗൺ ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടുണ്ട്. ആസ്ട്രിയ, ക്രൊയേഷ്യ, ഇറ്റലി എന്നിവിടങ്ങളിൽ സർക്കാറിന്‍റെ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ജനം തെരുവിലിറങ്ങി. യൂറോപ്പിൽ കോവിഡ് വ്യാപിപ്പിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക രേഖപ്പെടുത്തി. 

Tags:    
News Summary - COVID protests in Netherlands turn violent for a second night

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.