ന്യൂഡൽഹി: കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചെന്ന് റിപ്പോർട്ട്. കോവിഡ് 19നെ തുടർന്ന് ക്ലാസ്മുറി വിദ്യാഭ്യാസം താൽകാലികമായി നിർത്തിവെക്കുകയും ഓൺലൈൻ പഠനം ആരംഭിക്കുകയും ചെയ്തതാണ് പ്രധാന കാരണം. ഏഷ്യൻ രാജ്യങ്ങളിലെ പെൺകുട്ടികളാണ് കൂടുതലും പ്രതിസന്ധി നേരിടുന്നതെന്നും ലിംഗസമത്വവും വിദ്യാഭ്യാസ നിലവാരവും ഉയർത്തുനന്നതിന് വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന സംഘടനയായ റൂം ടു റീഡിൻെറ ബ്ലൂംബർഗ് പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ പറയുന്നു.
വികസ്വര രാജ്യങ്ങളിൽ നിലനിൽക്കുന്ന ലിംഗവിവേചനം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ സ്വാധീനിക്കുന്നതായും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു. ബംഗ്ലാദേശ്, കംബോഡിയ, ഇന്ത്യ, ലാവോസ്, നേപ്പാൾ, ശ്രീലങ്ക എന്നിവിടങ്ങളിൽ 28,000 പെൺകുട്ടികളിലാണ് പഠനം നടത്തിയത്. ഇതിൽ 42 ശതമാനം പെൺകുട്ടികളുടെയും വീടുകളിൽ കോവിഡ് 19നെ തുടർന്ന് വരുമാനം നിലച്ചതായും രണ്ടിൽ ഒരാൾ പഠനം അവസാനിപ്പിക്കാൻ സാധ്യതയുള്ളതായും ചൂണ്ടിക്കാണിക്കുന്നു.
'വരുമാനം കുറഞ്ഞതോടെ വീട്ടിലെ ആൺകുട്ടികളെ മാത്രം പഠിക്കാൻ അനുവദിക്കുന്ന സ്ഥിതിയാണ് നിലവിൽ' റൂം ടു റീഡ് സ്ഥാപകൻ ജോൺ വുഡ് പറഞ്ഞു.
സ്കൂളുകൾ ഇനിയും തുറന്നു പ്രവർത്തിക്കാത്തതിനാൽ പ്രശ്നത്തിൻെറ വ്യാപ്തി ഇതുവരെ മനസിലാക്കാൻ സാധിച്ചിട്ടില്ല. കോവിഡ് കാലഘട്ടത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി ലോകബാങ്ക്, യുനിനെസഫ് എന്നിവ ആഗോളതലത്തിൽ സ്ഥിതി ഗതികൾ നിരീക്ഷിക്കുകയാണെന്നും പറയുന്നു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് കുടുംബങ്ങളെ സഹായിക്കേണ്ടതിൻെറ ആവശ്യകത ഉയർന്നുവരുന്നതായി ലോകബാങ്ക് ഈസ്റ്റ് ഏഷ്യ എജ്യൂക്കേഷൻ മാനേജർ ടോബി ലിൻഡെൻ കൂട്ടിച്ചേർത്തു.
'കോവിഡ് മഹാമാരിയെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടതോടെ നിരവധി കുടുംബങ്ങളുടെ വരുമാനം നിലച്ചു. 10 കോടി ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടു. ആഗോള തലത്തിൽ രണ്ടുകോടി സെക്കൻഡറി തലത്തിലുള്ള പെൺകുട്ടികൾ സ്കൂൾ വിദ്യാഭ്യാസം അവസാനിപ്പിച്ചു' -പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്ന മലാല ഫണ്ട് സംഘടന വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.