സാവോ പോളോ: ബ്രസീലിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. പ്രതിരോധ കുത്തിവെപ്പ് വൈകിയതും സാമൂഹിക അകലം പാലിക്കുന്നതിൽ അയവ് വരുത്തിയതുമാണ് പ്രശ്നം ഗുരുതരമാക്കിയതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
11 ശതമാനം ബ്രസീലുകാർക്ക് മാത്രമാണ് പൂർണമായി വാക്സിനേഷൻ നൽകിയത്. തെക്കൻ അർദ്ധഗോളത്തിൽ ശീതകാലം എത്തുന്നതും കൊറോണ വൈറസിൻെറ പുതിയ വകഭേദങ്ങൾ വ്യാപിക്കുന്നതും സ്ഥിതി ഗുരുതരമാക്കുമെന്ന് എപ്പിഡെമിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ മന്ത്രാലയത്തിൻെറ കണക്കനുസരിച്ച് ഇതുവരെ സ്ഥിരീകരിച്ച 17,883,750 കേസുകളിൽനിന്നാണ് 500,800 മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.
അമേരിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ മരണനിരക്കാണിത്. കഴിഞ്ഞ ഒരാഴ്ചക്കിടെ ബ്രസീലിൽ പ്രതിദിനം ശരാശരി 2,000 മരണങ്ങളാണ് സംഭവിക്കുന്നത്.
കോവിഡ് മേഖലയിൽ നാശോന്മുഖമായി തുടരുകയാണ്. പാൻ അമേരിക്കൻ ഹെൽത്ത് ഓർഗനൈസേഷൻ (പി.എ.എച്ച്.ഒ) കഴിഞ്ഞയാഴ്ച അമേരിക്കയിൽ 1.1 ദശലക്ഷം പുതിയ കോവിഡ് കേസുകളും 31,000 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആറ് മെക്സിക്കൻ സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമാണ്. കൊളംബിയയിലെ സ്ഥിതിയും വ്യത്യസ്തമല്ല. പ്രധാന നഗരങ്ങളിൽ തീവ്രപരിചരണ വിഭാഗത്തിലെ കിടക്കകൾ നിറഞ്ഞിട്ടുണ്ട്.
കോവിഡ് പ്രതിരോധ കുത്തിവെപ്പ് വൈകുന്നതിനാൽ മരണനിരക്ക് എട്ട് ലക്ഷം വരെ എത്തുമെന്ന് ബ്രസീലിയൻ ഹെൽത്ത് റെഗുലേറ്റർ അൻവിസയുടെ മുൻ മേധാവി ഗോൺസാലോ വെസിന പറയുന്നു.
പുതിയ വകഭേദങ്ങൾ രാജ്യത്ത് വ്യാപിപ്പിക്കുകയാണ്. അതിൽ ഇന്ത്യൻ വേരിയൻറാണ് കൂടുതൽ അപകടകാരി' -വെസിന കൂട്ടിച്ചേർത്തു.
ബ്രസീലിലയൻ പ്രസിഡൻറ് ജെയർ ബോൾസോനാരോ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുന്ന രീതിയയെ വെസിന വിമർശിച്ചു. 'ഏകോപനങ്ങളുടെ അഭാവം, വാക്സിനേഷനിലെ മന്ദഗതി എന്നിവ പ്രശ്നം രൂക്ഷമാക്കി. ലോക്ഡൗൺ, മാസ്ക് ധരിക്കൽ എന്നിവയോടുള്ള അദ്ദേഹത്തിൻെറ വിമുഖതയും പ്രശ്നമായി' -വെസിന പറഞ്ഞു.
കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട പ്രസിഡൻറിനെതിരെ ബ്രസീലിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന പ്രകടനങ്ങളിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു. പ്രസിഡൻറിനെ പുറത്താക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.