നയ്പിഡാവ്: മ്യാന്മറിനെ ഉലച്ച് മോഖ ചുഴലിക്കാറ്റ്. റാഖൈൻ പ്രവിശ്യയിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടാക്കിയ ചുഴലിക്കാറ്റിൽ മൂന്നുപേർ കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവിടെ മാത്രം 1,000 ത്തിലേറെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റി. ബംഗ്ലാദേശിൽ 10 ലക്ഷത്തിലേറെ റോഹിങ്ക്യൻ അഭയാർഥികൾ കഴിയുന്ന കോക്സ് ബസാറിലെ ക്യാമ്പുകളിലും മോക്ക എത്തിയെങ്കിലും വൻദുരന്തമാകാതെ രക്ഷപ്പെട്ടു. ഇവിടെയുണ്ടായിരുന്ന 2,548 താൽക്കാലിക കുടിലുകൾക്ക് കേടുപാടുപറ്റി. ചിലത് പൂർണമായി തകർന്നു. ഇവ മൂന്നുദിവസത്തിനകം പുനഃസ്ഥാപിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മണിക്കൂറിൽ 210 കി.മീറ്റർ വേഗത്തിലാണ് റാഖൈൻ പ്രവിശ്യയിൽ മോഖ ആഞ്ഞുവീശിയത്. തലസ്ഥാന നഗരമായ സിറ്റ്വെ പ്രളയത്തിൽ മുങ്ങി. നൂറുകണക്കിന് വീടുകൾക്കുപുറമെ 64 വിദ്യാലയങ്ങൾ, 14 ആശുപത്രികൾ, വാർത്താവിനിമയ ടവറുകൾ എന്നിവക്കും കാര്യമായ കേടുപാടുകൾ പറ്റി.
തൊട്ടടുത്ത ചിൻ പ്രവിശ്യയിലും കനത്ത നഷ്ടങ്ങളുണ്ടെങ്കിലും വാർത്താവിനിമയ സംവിധാനം പ്രവർത്തിക്കാത്തതിനാൽ വിവരങ്ങൾ ലഭ്യമല്ല. ഇവിടെ സൈന്യവും ജനാധിപത്യ അനുകൂല പോരാളികളും തമ്മിൽ കടുത്ത പോരാട്ടം നടക്കുന്നതിനാൽ നേരത്തേ അധികൃതർ വാർത്താവിനിമയ സംവിധാനം മുടക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.