തെഹ്റാൻ: കഴിഞ്ഞ വർഷം നടന്ന സർക്കാർവിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായ മൂന്നുപേരുടെ വധശിക്ഷ ഇറാൻ നടപ്പാക്കി. മനുഷ്യാവകാശ സംഘടനകളുടെ എതിർപ്പ് അവഗണിച്ചാണ് നടപടി.
മജീദ് കസേമി, സാലിഹ് മിർഹഷേമി, സഈദ് യാക്കൂബി എന്നിവരെയാണ് വധിച്ചതെന്ന് ജുഡീഷ്യറിയുടെ വെബ്സൈറ്റായ മിസാൻ അറിയിച്ചു. അതേസമയം, ഏതു രീതിയിലാണ് വധശിക്ഷ നടപ്പാക്കിയതെന്ന് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ നവംബറിൽ നടന്ന പ്രക്ഷോഭത്തിനിടെ പൊലീസ് ഓഫിസറെയും അർധസൈനിക വിഭാഗമായ ബസിജ് സംഘത്തിലെ രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇവർക്കെതിരെ ചുമത്തിയ കുറ്റം. അതേസമയം, മൂവരെയും കടുത്ത പീഡനത്തിനിരയാക്കിയതായും കുറ്റസമ്മതം ടി.വിയിലൂടെ നടത്താൻ നിർബന്ധിച്ചുവെന്നും മതിയായ നിയമസഹായത്തിനുള്ള അവസരം നിഷേധിച്ചുവെന്നും മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി.
ശരിയായ രീതിയിൽ ശിരോവസ്ത്രം ധരിച്ചില്ലെന്നാരോപിച്ച് രാജ്യത്തെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിനെത്തുടർന്നാണ് ഇറാനിൽ കഴിഞ്ഞ സെപ്റ്റംബറിൽ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.