കൊളംബോ: 420 കോടി ഡോളറിന്റെ കടം പുനഃക്രമീകരിക്കുന്നതിന് ചൈനയുമായി കരാറിലെത്തിയതായി ശ്രീലങ്ക അറിയിച്ചു. ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിട്ട കഴിഞ്ഞ വർഷം മേയിലാണ് ശ്രീലങ്ക വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയത്. അമിത വിലക്കയറ്റവും അവശ്യ വസ്തുക്കളുടെ ക്ഷാമവും രാജ്യവ്യാപക പ്രക്ഷോഭത്തിനും വഴിവെച്ചിരുന്നു.
രാജ്യത്തിന്റെ കടബാധ്യത പരിഹരിക്കുന്നതിനുള്ള പിന്തുണക്ക് ചൈന എക്സിം ബാങ്കിന് (എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് ബാങ്ക്) നന്ദി പറയുന്നതായി ശ്രീലങ്കൻ ധനമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സമ്പദ്ഘടനയുടെ വീണ്ടെടുപ്പിന് രാജ്യം നടത്തുന്ന ശ്രമങ്ങളിൽ നിർണായകമാണ് കരാർ എന്നും അദ്ദേഹം പറഞ്ഞു. 4609 കോടി ഡോളറിന്റെ വിദേശകടമാണ് ശ്രീലങ്കക്കുള്ളത്. ഇതിൽ 52 ശതമാനവും ചൈനയിൽനിന്ന് വായ്പയെടുത്തതാണ്. വായ്പ നൽകിയ മറ്റ് സ്ഥാപനങ്ങളുമായും സമാന രീതിയിൽ വായ്പാ പുനഃക്രമീകരണ കരാറിന് ശ്രീലങ്ക ശ്രമം നടത്തുന്നുണ്ട്. അന്താരാഷ്ട്ര നാണ്യനിധിയിൽനിന്ന് 300 കോടി ഡോളറിന്റെ സാമ്പത്തിക ഉത്തേജക പാക്കേജ് ലഭിക്കുന്നതിന് ഇത് രാജ്യത്തെ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.