വാഷിങ്ടൺ: യു.എസ് സെനറ്റിൽ ആറു വർഷത്തെ റിപ്പബ്ലിക്കൻ ആധിപത്യം അവസാനിപ്പിക്കാമെന്ന ഡെമോക്രാറ്റ് മോഹത്തിന് മങ്ങലേൽക്കുന്നു. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ട്രംപിനുണ്ടായ തിരിച്ചടിയെക്കാൾ വലിയ കൗതുകമായാണ് സെനറ്റിലെ ഡെമോക്രാറ്റുകളുടെ പിന്നാക്കം പോകൽ വിലയിരുത്തപ്പെടുന്നത്. നാല് സീറ്റുകൾ കൂടി നേടിയാലേ ഉപരിസഭയിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം ലഭിക്കൂ. ബൈഡൻ പ്രസിഡൻറായാൽ ഭൂരിപക്ഷത്തിന് മൂന്ന് സീറ്റ് മതിയാകും. നവംബർ മൂന്നിന് ഫലം വരുേമ്പാൾ സെനറ്റ്, ഡെമോക്രാറ്റുകൾ പിടിക്കുമെന്നായിരുന്നു പ്രവചനങ്ങൾ. അതേസമയം, അധോസഭയായ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇനിയും നിരവധി വോട്ടുകൾ എണ്ണാനുള്ളതിനാൽ അന്തിമഫലത്തിന് കാത്തിരിക്കേണ്ടി വരും. ആകെ നൂറ് സീറ്റുള്ള സെനറ്റിൽ നിലവിൽ 53-47 ആണ് കക്ഷിനില.
റിപ്പബ്ലിക്കൻ പാർട്ടിയെ അട്ടിമറിച്ച് ഭൂരിപക്ഷം നേടാനായാൽ, ട്രംപ് വീണ്ടും പ്രസിഡൻറാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിെൻറ പദ്ധതികൾ തടസ്സപ്പെടുത്താനും ബൈഡൻ ആദ്യമായി പ്രസിഡൻറായാൽ അദ്ദേഹത്തിെൻറ അജണ്ടകൾ മുന്നോട്ടു കൊണ്ടുപോകാനും കഴിയുമെന്ന കണക്കുകൂട്ടലിലായിരുന്നു ഡെമോക്രാറ്റുകൾ. ഇത്തവണ സെനറ്റിലേക്ക് മത്സരം നടക്കുന്ന 35 സീറ്റുകളിൽ 23 എണ്ണം റിപ്പബ്ലിക്കൻ പ്രാതിനിധ്യമുള്ളതും 12 എണ്ണം ഡെമോക്രാറ്റുകളുടേതുമാണ്. ആറ് വർഷമാണ് സെനറ്റർമാരുടെ കാലാവധി. ഓരോ രണ്ടു വർഷം കൂടുേമ്പാഴും മൂന്നിലൊന്ന് സീറ്റുകളിലേക്ക് വീതം തെരഞ്ഞെടുപ്പ് നടക്കും. ഓേരാ സ്റ്റേറ്റും രണ്ട് സെനറ്റർമാരെ തെരഞ്ഞെടുക്കും. മെയിനിൽ സ്വന്തം സ്ഥാനാർഥി സാറ ഗിഡിയോൺ റിപ്പബ്ലിക്കൻ പാർട്ടിയിലെ സൂസൻ കോളിൻസിനോട് പരാജയപ്പെട്ടതാണ് സെനറ്റിലെ ഏറ്റവും വലിയ തിരിച്ചടിയായി ഡെമോക്രാറ്റുകൾ കാണുന്നത്.
കോളറാഡോ, അരിസോണ സീറ്റുകളിൽ ഡെമോക്രാറ്റ് സ്ഥാനാർഥികൾ വിജയിച്ചപ്പോൾ കെൻറക്കി, സൗത്ത് കരോലൈന, അലബാമ സീറ്റുകളിൽ റിപ്പബ്ലിക്കൻസ് വിജയിച്ചു. സെനറ്റിലേക്ക് മത്സരിച്ചവരുടെ കൂട്ടത്തിൽ ഒരു പാസ്റ്റർ, ട്രക്ക് ഡ്രൈവർ, ഫുട്ബാൾ കോച്ച് എന്നിവരുമുണ്ടായിരുന്നു. ഡെലാവെറിൽനിന്ന് ജയിച്ച ഡെമോക്രാറ്റ് സ്ഥാനാർഥി സാറ മക്ബ്രൈഡ് യു.എസ് സെനറ്റിലെത്തുന്ന ആദ്യ ട്രാൻസ്ജെൻഡറായി ചരിത്രം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.