വാഷിങ്ടൺ: അരിസോണക്ക് പിന്നാലെ നെവാഡയിലെയും വിജയത്തോടെ യു.എസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ സെനറ്റിൽ ഭൂരിപക്ഷം നേടി ഡെമോക്രാറ്റുകൾ. ജനപ്രതിനിധിസഭയിൽ 211 സീറ്റുകളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും 203 സീറ്റുകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുമാണ് മുന്നിൽ. 218 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഭൂരിപക്ഷത്തിന് 51 സീറ്റുകൾ വേണ്ട സെനറ്റിൽ ഡെമോക്രാറ്റ് 50, റിപ്പബ്ലിക്കൻ 49 എന്നനിലയിലാണ്. ഇതോടെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ കാസ്റ്റിങ് വോട്ടിൽ ഡെമോക്രാറ്റുകൾ സെനറ്റിന്റെ നിയന്ത്രണംനേടി. ഇനി ജോർജിയ ആണ് അവശേഷിക്കുന്നത്. ഇരുസ്ഥാനാർഥികളും 50 ശതമാനം വോട്ട് നേടാത്ത ജോർജിയയിൽ ഡിസംബർ ആറിന് വീണ്ടും നടക്കുന്ന തെരഞ്ഞെടുപ്പിൽ നിലവിലെ സെനറ്റർ റാഫേൽ വാർനോക്ക് റിപ്പബ്ലിക്കൻ ഹെർഷൽ വാക്കറെ നേരിടും. വാർനോക്ക് ജയിച്ചാൽ ഡെമോക്രാറ്റുകളുടെ ഭൂരിപക്ഷം 51-49 ആകും. ഇടക്കാല തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിൽ സന്തുഷ്ടനാണെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അഭിപ്രായപ്പെട്ടു. ഗവർണർ തെരഞ്ഞെടുപ്പിലും മുൻതൂക്കം റിപ്പബ്ലിക്കന്മാർക്കാണ് (റി-25- ഡെ-23).
നെവാഡയിൽ ഡെമോക്രാറ്റ് സെനറ്റർ കാതറിൻ കോർട്ടെസ് മാസ്റ്റോയാണ് ജയിച്ചത്. റിപ്പബ്ലിക്കൻ ആദം ലക്സാൾട്ട് ആണ് തറപറ്റിയത്. അതേസമയം, അരിസോണ ഡെമോക്രാറ്റ് സെനറ്റർമാർക്ക് കെല്ലി നിലനിർത്തുകയായിരുന്നു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ബ്ലേക്ക് മാസ്റ്റേഴ്സിനെയാണ് തോൽപിച്ചത്.
കാലിഫോർണിയയിലും മറ്റ് സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ തുടരുന്നതിനാൽ ജനപ്രതിനിധിസഭയിലെ ഭൂരിപക്ഷം ഇപ്പോഴും വ്യക്തമല്ല. 435 സീറ്റുകളുള്ള സഭയിൽ പൂർണഫലം അറിയാൻ ഇനിയും ദിവസങ്ങളെടുത്തേക്കാം.
സെനറ്റിന്റെ നിയന്ത്രണം ബൈഡന്റെ കാബിനറ്റ് നിയമനങ്ങൾക്കും ജുഡീഷ്യൽ തെരഞ്ഞെടുപ്പുകളും സുഗമമാക്കുന്നു. കമ്മിറ്റികളിലും നിയന്ത്രണം ലഭിക്കും. കൂടാതെ, ബൈഡൻ ഭരണകൂടത്തിന് അന്വേഷണങ്ങളും മേൽനോട്ടവും നടത്താനുള്ള അധികാരവും ലഭിക്കും. കൂടാതെ റിപ്പബ്ലിക്കൻമാർ ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടിയാൽ അവരുടെ നിയമനിർമാണം തള്ളാനും കഴിയും.
435 അംഗ ജനപ്രതിനിധിസഭയിലേക്കും 100 അംഗ സെനറ്റിൽ 35 സീറ്റിലേക്കും 36 സംസ്ഥാന ഗവർണർ സ്ഥാനങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ 100 അംഗ സെനറ്റിൽ 48 സീറ്റുകൾ ഡെമോക്രാറ്റുകൾക്കും 50 സീറ്റുകൾ റിപ്പബ്ലിക്കന്മാർക്കുമാണ്. രണ്ട് സീറ്റുകളിൽ സ്വതന്ത്രരാണ്. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് 220 സീറ്റും റിപ്പബ്ലിക്കന്‍ 212 സീറ്റുമുണ്ട്. മൂന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.