കാനഡയിൽ ഹിന്ദു ​ക്ഷേത്രത്തിന് നേരെ ഖലിസ്ഥാനികളുടെ ആക്രമണം; അപലപിച്ച് ട്രൂഡോ

ഒട്ടാവ: കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേ​രെ ആക്രമണം. ഖലിസ്ഥാൻ പതാകകളുമായെത്തിയവരാണ് ആക്രമണം നടത്തിയത്. ബ്രാംടണിലെ ഹിന്ദുസഭ മന്ദിറിന് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രകോപനമില്ലാതെയാണ് ആക്രമണം നടന്ന​തെന്നും ആരോപണമുണ്ട്.

ഹിന്ദുസഭ മന്ദിറിന് നേരെ നടന്ന ആക്രമണം അംഗീകരിക്കാനാവില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ട്. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാൻ ഉടനടി നടപടിയെടുത്ത പൊലീസിനെ ട്രൂഡോ അഭിനന്ദിക്കുകയും ചെയ്തു.

സംഭവത്തിന്റെ വിഡിയോ ഓൺലൈനിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിന് പുറത്ത് ഒരു സംഘമാളുകൾ വടികളുമായി വിശ്വാസികളെ ആക്രമിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. കുട്ടികളും സ്ത്രീകളും ആക്രമിക്കപ്പെട്ടുവെന്ന് ഹിന്ദു കനേഡിയൻ ഫൗണ്ടേഷൻ അധികൃതർ പറഞ്ഞു.

1984ലെ സിഖ് വിരുദ്ധ കലാപത്തിന് എതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. അതേസമയം, പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നും എന്നാൽ, അത് സമാധാനപരമായിരിക്കണമെന്നും അക്രമം അനുവദിക്കില്ലെന്നും കനേഡിയൻ പൊലീസും വ്യക്തമാക്കി.

സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കനേഡിയൻ എം.പി ചന്ദ്ര ആര്യ രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദികൾ ചുവപ്പുവര ലംഘിച്ചുവെന്ന് അവർ പറഞ്ഞു. ബ്രാംടൺ മേയർ പാട്രിക് ബ്രൗണും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി.

Tags:    
News Summary - Devotees attacked at Canada temple by Khalistanis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.