ആ ആശുപത്രിയിലുള്ളവർ ആദ്യമൊന്ന് അമ്പരുന്നു. വരാന്തയിലൂടെ 'ബാറ്റ്മാൻ' നടന്നു വരുന്നു. കാര്യമറിഞ്ഞപ്പോൾ അമ്പരപ്പ് കൈയടിക്ക് വഴിമാറി.
കാൻസർ ബാധിച്ച ഒരു ബാലൻ്റെ ആഗ്രഹം സാധിച്ച് കൊടുക്കുന്നതിന് വേണ്ടിയാണ് ഡോക്ടർ ഈ വേഷം കെട്ടിയത്. ചികിൽസയിലുള്ള ബാലനോട് എന്താണ് ഏറ്റവും വലിയ ആഗ്രഹമെന്ന് ഡോക്ടർ ചോദിച്ചിരുന്നു. ബാറ്റ്മാനെ കാണണം എന്നായിരുന്നു മറുപടി. തുടർന്നാണ് പിറ്റേന്ന് രാവിലെ ഡോക്ടർ ബാറ്റ്മാനായി വന്നത്.
'ദി ഫീൽ ഗുഡ് പേജ്' എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. എവിടെയാണെന്ന വിവരങ്ങൾ ഇല്ലെങ്കിലും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകാൻ അധിക നേരം വേണ്ടി വന്നില്ല.
ബാറ്റ്മാൻ വേഷത്തിൽ വരാന്തയിലൂടെ വരുന്ന ഡോക്ടർ മുട്ടുകുത്തി നിൽക്കുന്നതാണ് വിഡിയോയുടെ തുടക്കം. മരുന്ന് ഡ്രിപ് സ്റ്റാൻഡുമായി മുറിക്ക് പുറത്തേക്ക് വരുന്ന ബാലൻ ഈ കാഴ്ച കണ്ട് ആഹ്ലാദിക്കുന്നതും 'ബാറ്റ്മാനെ' ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം.
ഡോക്ടറിൻ്റെ സന്മനസ്സിനെ പ്രശംസിച്ച് നിരവധി കമൻ്റുകളാണ് വിഡിയോക്ക് ലഭിച്ചത്. 'ഇതുകണ്ട് നദി ഒഴുകുംപോലെ കരഞ്ഞു. ലോകത്ത് എന്തുമാത്രം നല്ല മനുഷ്യരാണുള്ളത് ', 'ഞാനിത് പത്ത് തവണ കണ്ടു. ഓരോ തവണയും കരഞ്ഞു ', 'ദയവുള്ളവർ എന്നെ കൊല്ലൂ! ഞാൻ കരയുന്നില്ല' തുടങ്ങിയ കമൻ്റുകളാണ് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.