വാഷിങ്ടൺ: ഇറാഖിലും അഫ്ഗാനിസ്താനിലും അമേരിക്ക നയിച്ച യുദ്ധങ്ങളുടെ ശിൽപിയും 'ഭീകരതക്കെതിരായ യുദ്ധ'ത്തിെൻറ പ്രണേതാവുമായി വിശേഷിപ്പിക്കപ്പെടുന്ന ഡോണൾഡ്് റംസ്ഫെൽഡ് അന്തരിച്ചു. 1975-77 കാലത്ത് ജെറാർഡ് ഫോഡിനു കീഴിലും ഏറെ കഴിഞ്ഞ് 2001- 2006ൽ ജോർജ് ഡബ്ല്യു. ബുഷിനു കീഴിലും പദവി അലങ്കരിച്ച റംസ്ഫെൽഡ് അമേരിക്കയുടെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിരോധ സെക്രട്ടറിയെന്ന റെക്കോഡ് സ്വന്തം പേരിൽ കുറിച്ചയാളാണ്.
പതിനായിരങ്ങളുടെ മരണത്തിനിടയാക്കി 2001ൽ അഫ്ഗാനിസ്താനിലും 2003ൽ സദ്ദാം ഹുസൈൻ ഭരിച്ച ഇറാഖിലും അധിനിവേശം നടത്താൻ ഭരണകൂടങ്ങൾക്ക് ബുദ്ധിയുപദേശിച്ച് പ്രശസ്തനാണ് റംസ്ഫെൽഡ്. കുറ്റവാളികളുടെ വിചാരണയെന്ന പേരിൽ അധിനിവിഷ്ട ഭൂമികളിലും പുറത്തും തടങ്കൽ പാളയങ്ങൾ തീർത്ത് മഹാക്രൂരതകൾ അടിച്ചേൽപിക്കുന്നതിലും അദ്ദേഹത്തിെൻറ പങ്ക് വലുതായിരുന്നു.
''നിയമവിരുദ്ധമായ ഒട്ടേറെ യുദ്ധങ്ങൾക്കും സിവിലിയന്മാരുടെ കൂട്ടക്കുരുതികൾക്കും കാർമികത്വം വഹിക്കുകയും ആസൂത്രിത പീഡനവും കൊള്ളയും വ്യാപകമായ അഴിമതിയും നടത്തുകയും ചെയ്ത യുദ്ധക്കുറ്റവാളിയാണ് ഡോണൾഡ് റംസ്ഫെൽഡ്' എന്ന് കവാകിബി ഫൗണ്ടേഷൻ പ്രസിഡൻറ് ഇയാദ് അൽബഗ്ദാദി കുറ്റപ്പെടുത്തി.
ഇറാഖിലും അഫ്ഗാനിസ്താനിലും ജനാധിപത്യം തിരികെ കൊണ്ടുവരാനെന്ന പേരിൽ സദ്ദാം ഹുസൈനെയുൾപെടെ കൊല നടത്തി ഭരണകൂടങ്ങളെ പുറത്താക്കുകയും അരാജകത്വം പകരം നൽകുകയും ചെയ്തതിലെ വലിയ പങ്ക് റംസ്ഫെൽഡിനായിരുന്നു. ആവശ്യത്തിന് സൈന്യത്തെ വിന്യസിക്കാതെയായിരുന്നു ഇരു രാജ്യങ്ങളിലും അമേരിക്ക നയിച്ച അധിനിവേശങ്ങൾ. പ്രതിരോധ സെക്രട്ടറി പദവി അദ്ദേഹം വിട്ട് പിന്നെയും അഞ്ചു വർഷം കഴിഞ്ഞ് 2011ലാണ് ഇറാഖിൽനിന്ന് യു.എസ് സേന ഭാഗികമായി പിൻവാങ്ങിയത്. അഫ്ഗാനിസ്താനിൽനിന്നാകട്ടെ, ഇപ്പോഴും പിൻമാറ്റം പൂർത്തിയായിട്ടില്ല.
മഹാനാശം വരുത്തുന്ന ആയുധക്കൂമ്പാരം ആരോപിച്ചായിരുന്നു 2003ൽ ഇറാഖിൽ റംസ്ഫെൽഡിെൻറ നേതൃത്വത്തിൽ യു.എസ് എത്തിയതെങ്കിലും അത്തരം ആയുധങ്ങളുണ്ടായിരുന്നില്ലെന്ന് പിന്നീട് യു.എസ് സമ്മതിച്ചു. ഇറാഖിൽ ലക്ഷങ്ങളാണ് കൊല്ലപ്പെട്ടത്. യു.എസ് സൈനികർ പോലും ആയിരങ്ങൾ മരിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് പിടികൂടി എത്തിച്ച
നിരപരാധികളെ വിചാരണകൂടാതെ മഹാക്രൂരതകൾക്കിടയാക്കിയ ഗ്വാണ്ടാനമോ, അബൂഗുറൈബ് തടവറകളുടെ പേരിലും പഴിയേറെ കേട്ട റംസ്ഫെൽഡ് 2006ൽ രാജിവെക്കുകയായിരുന്നു.
1932ൽ ഷിക്കാഗോയിൽ ജനിച്ച അദ്ദേഹം 1960കളിലാണ് യു.എസ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. 2001ൽ ലോകത്തെ ഞെട്ടിച്ച ഭീകരാക്രമണം നടക്കുേമ്പാൾ റംസ്ഫെൽഡ് പെൻറഗൺ ആസ്ഥാനത്തുണ്ടായിരുന്നു. അതുകഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഭീകര സംഘടനയായ അൽഖാഇദക്കു നേരെ ആക്രമണം ആരംഭിക്കുന്നതും അത് അഫ്ഗാനിസ്താൻ അധിനിവേശമായി പരിണമിക്കുന്നതും. ആഴ്ചകൾക്കകം താലിബാൻ ഭരണം ഇല്ലാതാക്കിയ റംസ്ഫെൽഡ് 2003ൽ മാർച്ചിൽ ഇറാഖ് അധിനിവേശവും ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.