ന്യൂയോർക്ക്: താൻ ഒരിക്കലും കീഴടങ്ങില്ലെന്ന് രണ്ടാം വധശ്രമത്തെ അതിജീവിച്ച അമേരിക്കൻ മുൻ പ്രസിഡന്‍റും പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുമായി ഡൊണാൾ ട്രംപ്. സുരക്ഷിതനാണെന്നും സുഖമായിരിക്കുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഫ്ലോറിഡ വെസ്റ്റ് പാം ബീച്ച് ഗോൾഫ് ക്ലബിനു സമീപത്താണ് വെടിവെപ്പുണ്ടായത്. ഈസമയം ട്രംപ് ഇവിടെ ഗോൾഫ് കളിക്കുന്നുണ്ടായിരുന്നു. യു.എസ് സീക്രട്ട് സർവിസ് പ്രതിയെ പിടികൂടി. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുനെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. പ്രതി ഹവായ് സ്വദേശിയായ റയൻ വെസ്ലി റൗത്താണെന്ന് (58) തിരിച്ചറിഞ്ഞു. ഇയാൾ കടുത്ത ട്രംപ് വിമർശകനും യുക്രെയ്ൻ അനുകൂലിയുമാണ്. സമൂഹമാധ്യമത്തിലൂടെയാണ് ട്രംപ് പ്രതികരിച്ചത്. ‘എനിക്കു സമീപം വെടിവെപ്പുണ്ടായി, കിംവദന്തികൾ പ്രചരിക്കുന്നതിനു മുമ്പ് നിങ്ങൾ ഇത് ആദ്യം കേൾക്കണമെന്ന് ആഗ്രഹിക്കുന്നു: ഞാൻ സുരക്ഷിതനാണ്! ഒന്നും തന്നെ എന്നെ പിന്തിരിപ്പിക്കില്ല. ഞാൻ ഒരിക്കലും കീഴടങ്ങില്ല!’ -ട്രംപ് കുറിച്ചു.
എന്നെ പിന്തുണച്ചതിന് എല്ലാവരോടും സ്നേഹം മാത്രം. അമേരിക്കയെ ഉന്നതിയിലെത്തിക്കും. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നെ സുരക്ഷിതമാക്കിയതിന് യുഎസ് സീക്രട്ട് സർവിനും പൊലീസിനും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോൾഫ് ക്ലബ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തിരികെ വെടിയുതിർത്തതോടെ കാറിൽ സ്ഥലത്തുനിന്നു രക്ഷപ്പെട്ട പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്.
ജൂലൈ 13ന് പെൻസിൽവാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവെപ്പുണ്ടായിരുന്നു. പൊതുവേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് അക്രമി വെടിയുതിർത്തത്. ട്രംപിന്റെ വലതു ചെവിക്കു പരിക്കേറ്റു. ട്രംപിനെ സുരക്ഷാ സേന ഉടൻ സ്ഥലത്തു നിന്നു മാറ്റി. വെടിയുതിർത്ത ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.