വാഷിങ്ടൺ: റിപ്പബ്ലിക്കൻ നേതാവ് ജെ.ഡി. വാൻസിനെ യു.എസ് വൈസ് പ്രസിഡന്റായി നിയമിച്ച് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം കുറിച്ച ഡോണൾഡ് ട്രംപ്. രണ്ടാം തവണയും പ്രസിഡന്റ് പദം ഉറപ്പിച്ചതിനു പിന്നാലെ, പാം ബീച്ച് കൗണ്ടി കൻവൻഷൻ സെന്ററിൽ അനുയായികളെ അഭിവാദ്യം ചെയ്യുമ്പോഴാണ് ട്രംപ് ജെ.ഡി വാൻസിനെ വൈസ് പ്രസിഡന്റായി പ്രഖ്യാപിച്ചത്.
''അഭൂതപൂർവവും വളരെ ശക്തവുമായ ഒരു നിയോഗമാണ് അമേരിക്ക ഞങ്ങൾക്കായി കരുതിവെച്ചത്. ഈ ചരിത്ര വിജയത്തിനിടെ ഒരാളെ കൂടി അഭിനന്ദിക്കുകയാണ്. അത് മറ്റാരുമല്ല, വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാൻസിനെയും അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജ കൂടിയായ മനോഹരിയായ ഭാര്യ ഉഷ വാൻസുമാണ്.'-ട്രംപ് പറഞ്ഞു.
ട്രംപിനൊപ്പം ഭാര്യ മെലാനിയയും ഉണ്ടായിരുന്നു. വല്ലാത്തൊരു മനുഷ്യനാണ് വാൻസ് എന്നും ട്രംപ് പറഞ്ഞു. ആന്ധ്രപ്രദേശിലാണ് ഉഷയുടെ വേരുകൾ. യേൽ ലോ സ്കൂളിൽ വെച്ചാണ് ഉഷയും വാൻസും കണ്ടുമുട്ടിയത്. 2014ൽ ഇരുവരും വിവാഹിതരായി. ദമ്പതികൾക്ക് മൂന്ന് മക്കളുണ്ട്.
'നമ്മൾ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. അസാധ്യമെന്ന് എല്ലാവരും കരുതിയിരുന്ന ഒരു വിജയമാണ് എല്ലാ വെല്ലുവിളികളും മറികടന്ന് നമ്മൾ നേടിയെടുത്തത്. നമ്മടെ രാജ്യം ഒരിക്കലും കണ്ടിട്ടില്ലാത്ത രാഷ്ട്രീയ വിജയമാണിത്.'- ട്രംപ് പറഞ്ഞു.
വിജയപ്രഖ്യാപനത്തിനിടെ, ടെസ്ല, സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന് നന്ദി പറയാനും ട്രംപ് മറന്നില്ല. കഴിഞ്ഞ ജൂലൈയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ മുതൽ ട്രംപിന് നിരുപാധിക പിന്തുണയുമായി കൂടെയുണ്ട് മസ്ക്.
നമുക്കൊരു പുതിയ സ്റ്റാറുണ്ട്. ജൻമം കൊണ്ട് സ്റ്റാർ ആയ ഒരാൾ എന്നാണ് മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. യു.എസിനെ ബിറ്റ്കോയിന്റെയും ക്രിപ്റ്റോ കറൻസിയുടെയും തലസ്ഥാനമായി മാറ്റുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരുന്നത്.
പ്രവചനങ്ങൾ കാറ്റിൽ പറത്തിയ വിജയമാണ് ട്രംപിന്റെത്. ഇനി വരാനിരിക്കുന്നത് അമേരിക്കയുടെ സുവർണകാലമാണെന്നാണ് വിജയത്തിന് ശേഷം ട്രംപ് പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.