വാഷിങ്ടൺ ഡി.സി: തന്‍റെ അക്കൗണ്ട് പുന:സ്ഥാപിക്കാൻ ട്വിറ്ററിനോട് നിർദേശിക്കണമെന്ന ആവശ്യവുമായി മുൻ യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കോടതിയിൽ ഹരജി ഫയൽ ചെയ്തു. പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.എസ് കാപ്പിറ്റോൾ ബിൽഡിങ്ങിൽ ട്രംപ് അനുകൂലികൾ നടത്തിയ അതിക്രമങ്ങൾക്കു പിന്നാലെ ട്രംപിന്‍റെ ട്വിറ്റർ അക്കൗണ്ട് ഉൾപ്പെടെ സമൂഹമാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു.
തനിക്കെതിരായ നടപടി നിയമവിരുദ്ധമാണെന്നും തന്‍റെ രാഷ്ട്രീയ കാഴ്ചപ്പാടുകളെ നിയമവിരുദ്ധമായി നിശബ്ദമാക്കുന്നുവെന്നും ആരോപിച്ച് ജൂലൈയിൽ ട്വിറ്റർ, ഫേസ്ബുക്ക്, ഗൂഗിൾ എന്നിവയ്‌ക്കെതിരെയും അവരുടെ ചീഫ് എക്സിക്യൂട്ടീവുകൾക്കെതിരെയും ട്രംപ് കേസ് കൊടുത്തിരുന്നു. തന്‍റെ അക്കൗണ്ട് താൽക്കാലികമായി റദ്ദാക്കാൻ യു.എസ് കോൺഗ്രസ് അംഗങ്ങൾ ട്വിറ്ററിനെ നിർബന്ധിച്ചുവെന്നാരോപിച്ച് ട്വിറ്ററിനെതിരെ ഫ്ലോറിഡയിൽ ട്രംപ് ഒരു മുൻകൂർ ഉത്തരവിനുള്ള അപേക്ഷയും ഫയൽ ചെയ്തിരുന്നു.
"ട്വിറ്റർ ഈ രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ അളവറ്റതും ചരിത്രത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്തതുമായ, തുറന്ന ജനാധിപത്യ സംവാദത്തിന് അത്യന്തം അപകടകരവുമായ അധികാരവും നിയന്ത്രണവും പ്രയോഗിക്കുന്നു," ട്രംപിന്‍റെ അഭിഭാഷകർ ഹരജിയിൽ പറഞ്ഞു.
യു.എസ് ഭീകരസംഘടനയായി കരുതുന്ന താലിബാന് പോലും ട്വിറ്റർ അക്കൗണ്ട് ഇപ്പോഴും അനുവദിച്ചിട്ടുണ്ട്. ട്രംപിന് അക്കൗണ്ട് നിഷേധിക്കുകയും താലിബാന് അനുവദിക്കുകയും ചെയ്യുന്നതിൽ പരിഹാസ്യമായി പൊരുത്തക്കേടുണ്ട് -ഹരജിയിൽ പറയുന്നു.
അതേസമയം, ട്രംപിന്‍റെ പുതിയ നീക്കത്തോട് ട്വിറ്റർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.