വാഷിങ്ടൺ: അമേരിക്കയിൽ ഇനി വരാനിരിക്കുന്നത് ട്രംപിസത്തിന്റെ നാളുകൾ. അമേരിക്കയുടെ 60ാമത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കമല ഹാരിസിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിന് ആധികാരിക ജയം. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ, ‘ഇഞ്ചോടിഞ്ച്’ എന്ന് പ്രവചിക്കപ്പെട്ട മത്സരത്തിൽ നിർണായക സംസ്ഥാനങ്ങളിലടക്കം ട്രംപിന് അനുകൂലമായ ജനവിധിയുണ്ടായി. ആകെയുള്ള 538 ഇലക്ടറൽ കോളജിലേക്കുള്ള തെരഞ്ഞെടുപ്പിൽ 30 എണ്ണത്തിന്റെ ഫലം പുറത്തുവരാനിരിക്കെ, ട്രംപ് 277 എണ്ണത്തിൽ വിജയിച്ചു. 270 ആണ് കേവലഭൂരിപക്ഷത്തിനുവേണ്ട ഇലക്ടറൽ കോളജുകളുടെ എണ്ണം. ജനപ്രതിനിധി സഭയിലേക്കും സെനറ്റിലേക്കും നടന്ന തെരഞ്ഞെടുപ്പുകളിലും റിപ്പബ്ലിക്കൻ പാർട്ടികൾക്കാണ് ആധിപത്യം. ഇതോടെ, ഒരിക്കൽകൂടി അമേരിക്ക ട്രംപ് യുഗത്തിലേക്ക് പ്രവേശിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
● 2017-21 കാലത്ത് അമേരിക്കൻ പ്രസിഡന്റ് പദവിയിലിരുന്ന ട്രംപിന് ഇത് രണ്ടാമൂഴം. അമേരിക്കൻ പ്രസിഡന്റ് പദത്തിലെത്തുന്ന ഏറ്റവും പ്രായം ചെന്നയാൾ എന്ന ഖ്യാതിയും ഇതോടെ 78കാരനായ ട്രംപിന് കൈവന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടശേഷം വീണ്ടും മത്സരിച്ച് വിജയിക്കുന്ന അമേരിക്കയിലെ രണ്ടാമത്തെ പ്രസിഡന്റുകൂടിയാണ് ട്രംപ്. 1892ൽ, ഗ്രോവർ ക്ലേവ് ലാൻഡിന്റെ വിജയത്തിനുശേഷം പിന്നീടാരും ഇത്തരത്തിൽ വിജയിച്ചിട്ടില്ല. 40കാരനായ ഓഹിയോ സെനറ്റർ ജെ.ഡി. വാൻസ് വൈസ് പ്രസിഡന്റാകും.
● പെൻസൽവേനിയ, വിസ്കോൺസൻ, മിഷിഗൻ, നെവാദ, ജോർജിയ, നോർത് കരോലൈന, അരിസോണ എന്നീ സംസ്ഥാനങ്ങളുടെ വോട്ടുനിലയായിരിക്കും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുക എന്നായിരുന്നു പ്രവചനം. എന്നാൽ, ഈ സംസ്ഥാനങ്ങളിലെല്ലാം ട്രംപ് അനായാസ ജയം നേടി. അലബാമ, അർകൻസാസ്, ഹവായ്, ഇഡാഹോ, കെന്റക്കി, മാസച്യൂസെറ്റ്സ്, മെറിലാൻഡ്, നോർത് ഡെക്കോട്ട തുടങ്ങിയവിടങ്ങളിൽ 60 ശതമാനത്തിലധികമാണ് ട്രംപിന് അനുകൂലമായി ലഭിച്ച ഇലക്ടറൽ കോളജ് വോട്ടുകൾ. കൊളംബിയ ജില്ലയിൽ ട്രംപിന് 90 ശതമാനത്തിലധികം വോട്ട് ലഭിച്ചു.
● 34 സെനറ്റ് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും റിപ്പബ്ലിക്കൻസ് വിജയിച്ചു. ഇതോടെ നൂറംഗ സെനറ്റിൽ ആറ് സീറ്റിന്റെ ഫലം വരാനിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിക്ക് 52 സീറ്റായി. ഡെമോക്രാറ്റുകൾക്ക് 42ഉം. 435 ജനപ്രതിനിധി സഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്ന 378ൽ, 198ലും വിജയിച്ചത് റിപ്പബ്ലിക്കൻ പാർട്ടിയാണ്. 180 സീറ്റിൽ ഡെമോക്രാറ്റുകൾ വിജയിച്ചു. 57 സീറ്റുകളുടെ ഫലം പുറത്തുവരാനുണ്ട്. ഫലസൂചനകളനുസരിച്ച്, അമേരിക്കൻ കോൺഗ്രസ് സമ്പൂർണമായും റിപ്പബ്ലിക്കൻ പാർട്ടിയുടെ ആധിപത്യത്തിലായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.