വൈറ്റ്ഹൗസിൻെറ ഓർമ്മയിൽ മുടി 'വൈറ്റ്' ആക്കി; ട്രംപിനെ ട്രോളാനുള്ള ഒരവസരവും കളയാതെ സോഷ്യൽ മീഡിയ

വാഷിങ്ടൺ: തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് മുടിയുടെ നിറം മാറ്റിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലെ ചർച്ച. ഫലം വന്നതിന് ശേഷം ആദ്യമായി ജനങ്ങളെ അഭിസംബോധന ചെയ്യാൻ വൈറ്റ്ഹൗസിലെ റോസ് ഗാർഡനിൽ ട്രംപ് എത്തിയപ്പോഴാണ് ഈ മാറ്റം എല്ലാവരും ശ്രദ്ധിക്കുന്നത്. സ്വർണ നിറമായിരുന്ന മുടി വെള്ളി ആയിരിക്കുന്നു. സാധാരണയായി പ്രത്യേക സ്റ്റൈലിൽ ചീകാറുള്ള മുടി ഒന്ന് ഒതുക്കി വെക്കുക മാത്രമേ ചെയ്തിട്ടുമുളളു.

സ്വർണ നിറത്തിലാണ് സാധാരണയായി ട്രംപ് മുടി കളർ ചെയ്യുന്നത്. 2016ലെ അമേരിക്കൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് സമയത്ത് ഇത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഹെയർ സ്റ്റൈലിസ്റ്റിന് ട്രംപ് 70,000 ഡോളറാണ് വേതനം നൽകുന്നതെന്ന റിപ്പോർട്ടുകളും ഏറെ ചർച്ചയായിരുന്നു. പ്രസിഡൻ്റ് ആയി നാല് കൊല്ലം സ്വർണ മുടിയുമായി വിലസിയിരുന്ന ട്രംപിൻ്റെ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള മാറ്റത്തിൽ ഏറെ രസകരമായ കമൻറുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

'ട്രംപിൻ്റെ മുടി സ്വർണത്തിൽ നിന്ന് വെള്ളിയായി. കാരണം അദ്ദേഹത്തിന് രണ്ടാം സ്ഥാനമാണ് കിട്ടിയത് ' - പെഡ്രോ മാർക്വിസ് എന്നയാൾ ട്വീറ്റ് ചെയ്തു. വൈറ്റ്ഹൗസിൽ കഴിഞ്ഞ നാളുകളുടെ ഓർമ്മയിലാണ് ട്രംപ് മുടി 'വൈറ്റ്' ആക്കിയതെന്നായിരുന്നു മറ്റൊരാളുടെ കണ്ടെത്തൽ.

'ഒന്നുകിൽ ട്രംപിൻ്റെ ഹെയർ സ്റ്റൈലിസ്റ്റ് മുങ്ങുന്ന കപ്പലിൽ നിന്ന് ചാടി. അല്ലെങ്കിൽ ട്രംപ് ക്രമേണ ജോ ബൈഡൻ ആകാനുള്ള മോർഫിങ് പ്രക്രിയയിലാണ് - നമ്മളാരും ശ്രദ്ധിക്കില്ലെന്ന വിശ്വാസത്തിൽ ' - മറ്റൊരാൾ എഴുതി. ട്രംപിൻ്റെ ഹെയർ സ്റ്റൈലിസ്റ്റ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡൻ്റെ കൂടെപ്പോയി എന്ന് കമൻറ് ചെയ്തവരുമുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.