ചെണ്ട കൊട്ട്​, ഓ​ട്ടോഗ്രാഫ്​, പൊട്ടിച്ചിരി...; ഗ്ലാസ്​ഗോയിൽ നിന്നുള്ള മടക്കം ആഘോഷമാക്കി മോദി

ഗ്ലാസ്​ഗോ: ആഗോള താപനം കുറക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി സ്​കോട്​ലൻഡിൽ നടന്ന ആഗോള കാലാവസ്​ഥ ഉച്ചകോടിയിൽ പ​ങ്കെടുത്ത്​ മടങ്ങിയ പ്രധാന മന്ത്രിക്ക്​ ഇന്ത്യൻ സമൂഹം ഗംഭീര യാത്രായയപ്പ്​ നൽകി.

സ്കോട്​ലൻഡിലെ ഇന്ത്യൻ സമൂഹത്തോട്​ സംവദിച്ച മോദി ചെണ്ട കൊട്ടുന്ന ദൃശ്യങ്ങൾ വൈറലായി മാറി. പ്രധാനമന്ത്രി മോദിയെ യാത്രയാക്കാനായി ചെണ്ടമേളവും ആർപ്പുവിളികളുമായി വലിയ ജനക്കൂട്ടം ഗ്ലാസ്​ഗോയിൽ ഒത്തുചേർന്നിരുന്നു. ചിലർ പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളും തലപ്പാവും ധരിച്ചാണെത്തിയത്​.

ഇന്ത്യൻ സമൂഹത്തെ അഭിവാദ്യം ചെയ്​ത മോദി ചെണ്ട കൊട്ടിക്കൊണ്ട്​ ആഘോഷങ്ങളിൽ പങ്കുചേർന്നു. കുടുംബാംഗങ്ങളോട്​ സംവദിച്ച മോദി സംഘത്തിലെ കുഞ്ഞുങ്ങളെ തലോടി.

ആഗോള കാലാവസ്​ഥ ഉച്ചകോടിക്കായി രണ്ടുദിവസമായി മോദി ഗ്ലാസ്​ഗോയിലായിരുന്നു. ജി20 ഉച്ചകോടിക്കായി റോമിലെത്തിയ മോദി ഫ്രാൻസിസ്​ മാർപ്പാപ്പയെ സന്ദർശിച്ചിരുന്നു. ​മാർപ്പാപ്പയെ ഇന്ത്യ​യിലേക്ക്​ ക്ഷണിച്ചാണ്​ മോദി വത്തിക്കാനിൽ നിന്ന്​ മടങ്ങിയത്​.

കാലാവസ്​ഥ ഉച്ച​കോടിക്കിടെ നരേന്ദ്രമോദിയും ബ്രിട്ടീഷ്​ പ്രധാനമന്ത്രി ബോറിസ്​ ജോൺസണും വ്യക്​തിപരമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പാരിസ്ഥിതിക സംരക്ഷണം, നൂതന സാങ്കേതിക വിദ്യകൾ, സാമ്പത്തികം, പ്രതിരോധം തുടങ്ങിയവ സംബന്ധിച്ചെല്ലാം ഇരുവരും ചർച്ച നടത്തി.

ഈ വർഷത്തെ ഇന്ത്യൻ റിപ്പബ്ലിക് പരേഡിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ ബ്രിട്ടീഷ്​ പ്രധാനമ​ന്ത്രിയെ ക്ഷണിച്ചിരുന്നെങ്കിലും കോവിഡ് വ്യാപകമായ സാഹചര്യത്തിൽ ആ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ബോറിസ് ജോൺസന്‍റെ ഇന്ത്യൻ സന്ദർശനം മുടങ്ങിയതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു ഗ്ലാസ്ഗോവിൽ നടന്നത്.

കാലാവസ്ഥാ വ്യതിയാനങ്ങളെ കുറക്കാനുള്ള സഹകരണം ഉൾപ്പടെ പ്രധാന വിഷങ്ങളിൽ ഇരുവരും ചർച്ച നടത്തി. ഈ ചർച്ചക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി, ബോറിസ് ജോൺസണിനെ ഇന്ത്യൻ സന്ദർശനത്തിനായി ക്ഷണിച്ചതെന്ന് ഔദ്യോഗിക പ്രസ്ഥാവനയിൽ പറഞ്ഞു.

കാലാവസ്​ഥാ മാറ്റങ്ങളെ തടയാനടക്കമുള്ള കാര്യങ്ങൾക്ക്​ തയാറാക്കിയ ധാരണകൾ നടപ്പാക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബന്ധമാണെന്ന്​ യുകെയിലെ ഇന്ത്യൻ ഹൈകമ്മീഷ്ണർ ഗൈത്രി ഇസാർ കുമാർ പറഞ്ഞു. 'ഞങ്ങൾ 2022 മാർച്ചിൽ ഒപ്പുവെയ്ക്കുന്ന ഇടക്കാല കരാറിനു വേണ്ടി 2021 നവംബറിൽ ചർച്ച തുടങ്ങുകയാണ്, ഷെഡ്യൂൾ അനുസരിച്ചാണ് കാര്യങ്ങൾ നടക്കുന്നതെങ്കിൽ 2022 നവംബറിൽ കരാർ ഒപ്പുവെക്കാനാകും.' -ഗൈത്രി ഇസാർ കുമാർ പറഞ്ഞു.

ഉച്ചകോടി വിജയകരമായി നടത്തിയതിനും, കാലാവസ്ഥാ വ്യതിയാനങ്ങളെ ലഘൂകരിക്കുന്നതിനുള്ള ശ്രമങ്ങൾക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ബോറിസ്​ ജോൺസണെ അഭിനന്ദിച്ചു.

Tags:    
News Summary - Drums autographs laughter blessings PM Modis got grand farewell from Indian community in Glasgow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.