ദുർഗാപൂജക്ക് ബംഗ്ലാദേശി​ന്‍റെ സമ്മാനം: ബംഗാളിലേക്ക് 3,000 ടൺ ‘ഹിൽസ’ കയറ്റുമതി ചെയ്യാൻ ഇടക്കാല സർക്കാർ

ധാക്ക: വരാനിരിക്കുന്ന ദുർഗാ പൂജയുടെ നാളുകളിലേക്കായി പശ്ചിമ ബംഗാളിലേക്ക്  3,000 ടൺ ‘ഹിൽസ’ കയറ്റുമതി ചെയ്യാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തീരുമാനിച്ചു. സംസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട ഇനം മത്സ്യങ്ങളിലൊന്നായ ഹിൽസ ‘ഇലിഷ്’ എന്ന പേരിലും അറിയപ്പെടുന്നു. തീരുമാനം വന്നതോടെ കൊൽക്കത്തയിലെ ഇലിഷ് പ്രേമികൾ ആഹ്ളാദത്തിലായി.

ബംഗാളിലേക്ക് ‘ഇലിഷ്’ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വ്യാപാരികളിൽനിന്ന് സെപ്റ്റംബർ 24നു മുമ്പ് അപേക്ഷകൾ സ്വീകരിക്കാൻ ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. വാണിജ്യ മന്ത്രാലയത്തിലെ സുൽത്താന അക്തർ ഒപ്പിട്ട വിജ്ഞാപനത്തിൽ 3,000 ടൺ ഇലിഷ് കയറ്റുമതി ചെയ്യാൻ അനുമതിയുണ്ട്. ഇന്ത്യൻ കയറ്റുമതിക്കാർ നൽകിയ അഭ്യർഥന അടിസ്ഥാനമാക്കിയാണ് നിബന്ധനകൾക്ക് വിധേയമായി കയറ്റുമതിക്ക് അംഗീകാരം. അതിർത്തിക്കപ്പുറത്തേക്ക് മൽസ്യം അയക്കേണ്ടതില്ലെന്ന തീരുമാനം ഇടക്കാല സർക്കാർ പുന:പരിശോധിക്കുകയായിരുന്നു.

വിജ്ഞാപനത്തി​ന്‍റെ പകർപ്പുകൾ ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമീഷണറുടെ ഓഫിസിലേക്കും കൽക്കട്ടയിലെ ഡെപ്യൂട്ടി ഹൈക്കമീഷണറുടെ ഓഫിസിലേക്കും അയച്ചു. വിജ്ഞാപനത്തിൽ കയറ്റുമതിക്കുള്ള സമയപരിധി പരാമർശിക്കുന്നില്ലെന്നും സമയപരിധിയുടെ രൂപരേഖ പുറത്തിറക്കിയേക്കുമെന്ന് കരുതുന്നതായും കൽക്കട്ടയിലെ ഫിഷ് ഇംപോർട്ടേഴ്സ് അസോസിയേഷൻ സെക്രട്ടറി സയ്യിദ് അൻവർ മഖ്സൂദ് പറഞ്ഞു. ഈ ഉത്സവ സീസണിൽ ബംഗാളിന് ബംഗ്ലാദേശിൽ നിന്ന് ഇലിഷ് നൽകാനുള്ള തീരുമാനം ആഘോഷിക്കാനുള്ള മതിയായ കാരണമാണെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ബംഗ്ലാദേശ് വാണിജ്യ മന്ത്രാലയം 79 മത്സ്യ കയറ്റുമതിക്കാർക്ക് ദുർഗാപൂജയുടെ ഭാഗമായി 3,950 ടൺ ഇലിഷ് ഇന്ത്യയിലേക്ക് അയക്കാൻ അനുവദിച്ചിരുന്നു. എന്നാൽ, 1300 ടൺ മാത്രമാണ് സംസ്ഥാനത്ത് എത്തിയതെന്ന് ഇറക്കുമതിക്കാർ പറഞ്ഞു. 1996 മുതൽ ബംഗ്ലാദേശിൽനിന്ന് ഇലിഷ് ഇറക്കുമതി ചെയ്യുന്നുണ്ടെന്ന് കൽക്കത്തയിലെയും ഹൗറയിലെയും മത്സ്യ ഇറക്കുമതിക്കാർ പറഞ്ഞു.

ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനും വില നിയന്ത്രിക്കുന്നതിനുമായി ഇന്ത്യയിലേക്കുള്ള ഇലിഷ് കയറ്റുമതി നിർത്താൻ ഈ മാസം ആദ്യം ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തീരുമാനിച്ചിരുന്നു. തീരുമാനം വന്ന് ദിവസങ്ങൾക്കുള്ളിൽ ബംഗാളിൽ നിന്നുള്ള ഇലിഷ് ഇറക്കുമതിക്കാർ പുനഃർവിചിന്തനം ആവശ്യപ്പെട്ട് സർക്കാരി​ന്‍റെ ഉപദേശകനായ തൗഹീദ് ഹുസൈന് കത്തെഴുതി. ‘ഞങ്ങൾ നിങ്ങളുടെ ദയാവായ്പോടെയുള്ള ഇടപെടലിനായി കാത്തിരിക്കുന്നുവെന്നും ദുർഗാപൂജക്കായി ഹിൽസ മത്സ്യം കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിൽ നിന്നുള്ള ഇലിഷിന് പശ്ചിമ ബംഗാൾ, അസം, ത്രിപുര എന്നിവിടങ്ങളിലെ മത്സ്യംപ്രിയർക്കിടയിൽ വലിയ ഡിമാൻഡാണു​ള്ളതെന്നും മഖ്സൂദ് ഒപ്പിട്ട കത്തിൽ പറയുന്നു.

ശൈഖ് ഹസീനയുടെ പുറത്താവലിനുശേഷം ഇന്ത്യ-ബംഗ്ലാദേശ് ബന്ധം വഷളാകുന്നതിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ, ഈ നീക്കം വിശ്വാസം പുനഃർനിർമിക്കാൻ സഹായിക്കുമെന്ന് പെട്രാപോൾ ക്ലിയറിംഗ് ഏജന്‍റ്സ് സ്റ്റാഫ് വെൽഫെയർ അസോസിയേഷൻ സെക്രട്ടറി കാർത്തിക് ചക്രവർത്തി പറഞ്ഞു. ബംഗ്ലാദേശിൽ നിന്നുള്ള ഇലിഷി​ന്‍റെ വരവ് വില കുറയുമെന്ന പ്രതീക്ഷക്കും കാരണമായി. നിലവിൽ അനൗദ്യോഗിക ചാനലുകൾ വഴി കൊണ്ടുവന്നിരുന്ന ‘പദ്മ’ ഇലിഷ് കിലോക്ക് 2,000 രൂപക്കാണ് വിൽക്കുന്നത്. ‘ആദ്യഘട്ട ചരക്ക് എത്തിക്കഴിഞ്ഞാൽ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഒരു കച്ചവടക്കാരൻ പറഞ്ഞു.

ഇന്ത്യാ വിരുദ്ധ വികാരങ്ങൾക്ക് വഴങ്ങുന്നത് ആത്യന്തികമായി രാജ്യത്തിന് ഗുണം ചെയ്യില്ലെന്ന് ഇടക്കാല സർക്കാറിനോട് ബംഗ്ലാദേശി ജനതയുടെ വലിയൊരു വിഭാഗം വ്യക്തമായതായി ഒരു ബംഗ്ലാദേശി കയറ്റുമതിക്കാരൻ പറഞ്ഞു. ആഗോള ക്ഷാമം ഉണ്ടായിരുന്നിട്ടും ബംഗ്ലാദേശിലേക്കുള്ള ഉള്ളി കയറ്റുമതി തുടരാനുള്ള ഇന്ത്യയുടെ തീരുമാനം ഈ തീരുമാനത്തെയും സ്വാധീനിച്ചിരിക്കാം. ഇന്ത്യ പ്രതിവർഷം 800,000 ടൺ ഉള്ളി ബംഗ്ലാദേശിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഈ ബന്ധത്തെ അപകടത്തിലാക്കാൻ ഇടക്കാല സർക്കാർ ആഗ്രഹിക്കുന്നുണ്ടാവില്ലെന്നും കച്ചവടക്കാർ സൂചിപ്പിച്ചു.

Tags:    
News Summary - Durga Puja gift: Bangladesh interim government to export 3,000 tonnes of hilsa to Bengal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.