അങ്കാറ: തെക്കൻ തുർക്കിയയിലും വടക്കൻ സിറിയയിലുമായി 38,000ത്തോളം പേരുടെ മരണത്തിനിടയാക്കിയ ഫെബ്രുവരി ആറിലെ ഭൂകമ്പം ബാധിച്ചത് 70 ലക്ഷം കുട്ടികളെയെന്ന് യു.എൻ. വീടുകൾ തകർന്നതോടെ കൊടും ശൈത്യത്തിൽ തുറസ്സായ സ്ഥലങ്ങളിൽ കഴിയേണ്ടിവരുന്ന കുട്ടികൾ ആരോഗ്യ പ്രതിസന്ധിയടക്കം നേരിടുന്നുണ്ടെന്ന് യൂനിസെഫ് വ്യക്തമാക്കി.
തുർക്കിയയിലെ പത്ത് പ്രവിശ്യകളിലായി 46 ലക്ഷം കുട്ടികളും സിറിയയിൽ 25 ലക്ഷം കുട്ടികളുമാണ് ഭൂകമ്പത്തിന്റെ തുടർ പ്രതിസന്ധി അനുഭവിക്കുന്നത്. ആയിരക്കണക്കിന് കുട്ടികൾ മരിക്കുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ലാത്തതും ശുചിത്വത്തിന് സൗകര്യമില്ലാത്തതും കുട്ടികളെയാണ് ബാധിക്കുന്നതെന്നും യൂനിസെഫ് വ്യക്തമാക്കി. ഭൂകമ്പം കുട്ടികളിൽ വലിയ തോതിൽ മാനസികാഘാതവും ഏൽപിച്ചിട്ടുണ്ട്.
അതേസമയം, ചൊവ്വാഴ്ചയും തുർക്കിയയിൽ അത്ഭുതകരമായ രക്ഷപ്പെടുത്തലുകൾ നടന്നു. ഹത്തേയിൽ 201 മണിക്കൂറിനുശേഷം എമിൻ അക്ഗുൽ എന്ന 26 കാരിയെ രക്ഷിച്ചു. ഭക്ഷണത്തിനും വെള്ളത്തിനും മരുന്നിനും പ്രയാസപ്പെടുന്ന സിറിയയിലേക്ക് കൂടുതൽ സഹായം എത്തിത്തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.