കാബൂൾ: 20 വർഷത്തിനിടയിലെ അതിശക്തമായ ഭൂകമ്പത്തിൽ തകർന്ന് അഫ്ഗാനിസ്താൻ. ഈ വർഷം ജനുവരിയിൽ പടിഞ്ഞാറൻ അഫ്ഗാനിസ്താനിൽ 20ലധികം പേർ കൊല്ലപ്പെട്ട ഭൂകമ്പമാണ് അവസാനത്തേത്. 2002നു ശേഷമുള്ള ഏറ്റവും വലിയ ഭൂചലനമാണ് ബുധനാഴ്ചയുണ്ടായത്. 2002 മാർച്ചിൽ ഹിന്ദുകുഷിലുണ്ടായ ഇരട്ട ഭൂകമ്പങ്ങളിൽ 1100 പേരാണ് മരിച്ചത്.
പാകിസ്താൻ അതിർത്തിക്കടുത്ത ജനസാന്ദ്രതയേറിയ നഗരമായ ഖോസ്റ്റിൽനിന്ന് 44 കിലോമീറ്റർ അകലെ പാകിസ്താന്റെ അതിർത്തിക്കടുത്താണ് ബുധനാഴ്ചത്തെ ഭൂകമ്പമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.
തീവ്രത 5.9 ആയി യു.എസ്.ജി.സിയും 6.1 ആയി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെൻററും രേഖപ്പെടുത്തി. താരതമ്യേന കുറഞ്ഞ അളവായ ആറു മൈൽ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഇതാണ് ആഘാതംകൂട്ടിയത്. ഭൂരിഭാഗം പേരും വീടുകളിൽ ഉറങ്ങുമ്പോൾ പ്രാദേശിക സമയം പുലർച്ച 1.30നായിരുന്നു ഭൂകമ്പം.
പല ഗ്രാമപ്രദേശങ്ങളിലെയും വീടുകളുടെ അവസ്ഥ പരിതാപകരമായതിനാൽ ഭൂകമ്പങ്ങൾ അഫ്ഗാനിസ്താനിൽ കാര്യമായ നാശനഷ്ടങ്ങൾക്കിടയാക്കാറുണ്ട്. അഫ്ഗാനിസ്താനും ഹിന്ദുകുഷ് പർവതനിരകളോടു ചേർന്ന ദക്ഷിണേഷ്യയിലെ വലിയ പ്രദേശവും ഭൂകമ്പഭീഷണിയുള്ള ഇടങ്ങളാണ്. തെക്കുകിഴക്കൻ പ്രവിശ്യകളായ പക്തികയിലും ഖോസ്റ്റിലും നൂറുകണക്കിന് വീടുകളാണ് തകർത്തത്. സ്ഥിരീകരിച്ച മരണങ്ങളിൽ ഭൂരിഭാഗവും കിഴക്കൻ പ്രവിശ്യയായ പക്തികയിലാണ്. 255 പേർ മരിക്കുകയും 200ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഖോസ്റ്റ് പ്രവിശ്യയിൽ 25 പേർ മരിക്കുകയും 90 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 500 കിലോമീറ്ററിലധികം ദൂരെ വരെ പാകിസ്താൻ, അഫ്ഗാനിസ്താൻ, ഇന്ത്യ എന്നിവിടങ്ങളിലെ 119 ദശലക്ഷം ആളുകൾക്ക് പ്രകമ്പനം നീണ്ടതായാണ് റിപ്പോർട്ടുകൾ. അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിലും കുലുക്കം അനുഭവപ്പെട്ടെന്നാണ് സൂചന. എന്നാൽ, പാകിസ്താനിൽ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല. താലിബാന്റെ പരമോന്നത നേതാവ് ഹൈബത്തുല്ല അഖുന്ദ്സാദ ദുരന്തത്തിൽ അനുശോചിച്ചു.
രണ്ടു പതിറ്റാണ്ട് നീണ്ട യുദ്ധത്തെത്തുടർന്ന് യു.എസിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സേന പിൻവാങ്ങിയതോടെ ഭരണം താലിബാൻ ഏറ്റെടുത്തതിനുശേഷം അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് ഈ ദുരന്തം. പല രാജ്യങ്ങളും അഫ്ഗാനിസ്താന്റെ ബാങ്കിങ് മേഖലക്ക് ഉപരോധം ഏർപ്പെടുത്തുകയും കോടിക്കണക്കിന് ഡോളർ മൂല്യമുള്ള വികസനസഹായങ്ങൾ വെട്ടിക്കുറക്കുകയും ചെയ്തു.
ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം താലിബാന് വെല്ലുവിളിയാണ്. ഐക്യരാഷ്ട്ര സംഘടന പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ മാനുഷിക സഹായം തുടരുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കാൻ അഫ്ഗാനിസ്താൻ മാനുഷിക ഏജൻസികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭൂകമ്പബാധിത പ്രദേശത്തേക്ക് ടീമുകളെ അയക്കുന്നുണ്ടെന്നും യു.എൻ ഓഫിസ് ഫോർ കോഓഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്സ് അറിയിച്ചു.
അന്താരാഷ്ട്ര സഹായം സ്വാഗതം ചെയ്യുമെന്ന് അഫ്ഗാനിസ്താൻ വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. പാകിസ്താൻ, ചൈന അടക്കം സഹായം വാഗ്ദാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.