ബാഗിൽ സാൻഡ്‍വിച്ചുമായി യാത്ര ചെയ്തു; 77കാരിക്ക് ഒന്നരലക്ഷം രൂപ പിഴ

ഇറച്ചി ഉൽപന്നങ്ങളുടെ ഇറക്കുമതിയും കയറ്റുമതിയും നിയന്ത്രിക്കുന്നതിന് രാജ്യങ്ങൾക്ക് പൊതുവെ സമഗ്രമായ ചട്ടക്കൂടുകൾ ഉണ്ട്. ശുചിത്വ മാനദണ്ഡങ്ങൾ, രോഗ നിയന്ത്രണ നടപടികൾ, അന്താരാഷ്ട്ര വ്യാപാര കരാറുകൾ പാലിക്കൽ എന്നിവ ഉൾപ്പെടെ വിവിധ കാരണങ്ങൾ കൊണ്ടാണ് ഈ നിയന്ത്രണങ്ങൾ. ഉദാഹരണത്തിന്, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (ഡബ്ല്യു.ടി.ഒ) അതിർത്തികളിലൂടെ മാംസത്തിന്റെയും മറ്റ് കാർഷിക ഉൽപന്നങ്ങളുടെയും സുഗമമായ ഒഴുക്ക് സുഗമമാക്കുന്നതിന് ചില മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്.

അടുത്തിടെയാണ് ചിക്കൻസാൻഡ്‍വിച്ച് ബാഗിൽ വെച്ചത് മൂലം 77കാരിയായ ജൂൺ ആംസ്ട്രോങ്ങിന് ആസ്​ട്രേലിയൻ അധികൃതർ 3,300 ഡോളർ(ഏതാണ്ട് 1,78,200 രൂപ) പിഴ ചുമത്തിയത്. സത്യത്തിൽ ആ സാൻഡ് ​വിച്ച് അവർ കഴിക്കാൻ മറന്നതായിരുന്നു. സാൻഡ്‍വിച്ച് ബാഗിലുണ്ടെന്ന കാര്യം അവർ ഓർത്തുമില്ല. അതിനാൽ ഡിക്ലറേഷൻ ​ഫോം പൂരിപ്പിച്ചു നൽകിയപ്പോൾ അതുൾപ്പെടുത്താതെ, മരുന്നിന്റെ കാര്യം പറഞ്ഞു.


ക്രൈസ്റ്റ്ചർച്ച് വിമാനത്താവളത്തിൽ നിന്ന് ബ്രിസ്ബണിലേക്ക് പോകുകയായിരുന്നു അവർ. സത്യത്തിൽ വിമാനത്തിൽ വെച്ച് സാൻഡ്‍വിച്ച് കഴിക്കാനായിരുന്നു അവർ വിചാരിച്ചിരുന്നത്. എന്നാൽ വിമാനത്തിൽ വെച്ച് ഉറങ്ങിപ്പോയി. വിമാനം ലാൻഡ് ചെയ്തപ്പോഴാണ് ബാഗ് പരിശോധിച്ച അധികൃതർ പിഴ ചുമത്തിയ കാര്യം ജൂൺ അറിയുന്നത്. പിഴത്തുക കേട്ടപ്പോൾ അവർ ആദ്യം ഞെട്ടിപ്പോയി. അധികൃതർ തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയത്. ഒടുവിൽ സംഗതി മനസിലാക്കിയപ്പോൾ, ഒരു ചെറിയ സാൻഡ്‍വിച്ചിന് 3,300 ഡോളറോ എന്ന് ജൂൺ തിരിച്ചുചോദിച്ചു. ജൂണിന്റെ അവസ്ഥ കണ്ട് മനസലിഞ്ഞ ഒരു ഉദ്യോഗസ്ഥൻ അവർക്ക് കുടിക്കാൻ വെള്ളവും ഇരിക്കാൻ കസേരയും നൽകി. ഭർത്താവിനെ വിളിച്ച് കാര്യംപറഞ്ഞപ്പോൾ പിഴയടക്കാമെന്നായി. എന്നാൽ അത്രയും തുകയൊന്നും കൈയിലുണ്ടായിരുന്നില്ല. ഒടുവിൽ രണ്ടുപേരുടെയും പെൻഷൻ തുക ചേർത്ത് പിഴയടച്ചു.

ജീവിതത്തിലാദ്യമായാണ് ഇത്രയും തുക പിഴയടക്കേണ്ടി വന്നതെന്ന് ജൂൺ ഓർക്കുന്നു. പിന്നീട് ഉറക്കമില്ലാ രാത്രികളായിരുന്നു ജൂണിനെ കാത്തിരുന്നത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടാണ് ജൂണും ഭർത്താവും പിന്നീടുള്ള നാളുകളിൽ അനുഭവിച്ചത്. സ്വന്തം കാരവാൻ വിൽക്കുന്നതിനെ കുറിച്ചുപോലും അവർ ആലോചിക്കുകയുണ്ടായി.


Tags:    
News Summary - Elderly woman fined over Rs. 1 lakh for Chicken Sandwich

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.