മറ്റുള്ളവരുടെ ചെലവിൽ കഴിയുന്നെന്ന്​ പരിഹാസം; മറ്റാരും നൽകാത്തത്ര നികുതി നൽകുമെന്ന് ഇലോൺ മസ്‌ക്

ഈ വർഷം 11 ബില്യൺ ഡോളർ നികുതി നൽകുമെന്ന് ശതകോടിശ്വരനായ ഇലോൺ മസ്‌ക്. അതിസമ്പന്നർ കൃത്യമായി നികുതിയടക്കുന്നില്ലെന്ന ആക്ഷേപങ്ങൾക്കിടെയാണ്​ ഇലോൺ മസ്​കിന്‍റെ പ്രതികരണം. ഇലക്ട്രിക് കാർ നിർമ്മാതാക്കളായ ടെസ്‌ലയുടെയും എയ്‌റോസ്‌പേസ് നിർമ്മാതാക്കളായ സ്‌പേസ് എക്‌സിന്‍റെയും സ്ഥാപകനായ ഇലോൺ മസ്‌ക് ഈ വർഷാരംഭത്തിൽ ലോകത്തിലെ ഏറ്റവും ധനികനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബ്ലൂംബെർഗ് ബില്യണയേഴ്‌സ് കണക്ക് പ്രകാരം ഇലോൺ മസ്‌കിന്‍റെ സമ്പത്ത് ഏകദേശം 243 ബില്യൺ ഡോളറാണ്, അതേസമയം ടെസ്‌ലയ്ക്ക് ഏകദേശം ഒരു ട്രില്യൺ ഡോളർ മൂല്യവും സ്‌പേസ് എക്‌സിന് 100 ബില്യൺ ഡോളർ മൂല്യവുമുണ്ട്.

ടൈം മാഗസിന്‍ ഇപ്രാവശ്യത്തെ പേർസൺ ഓഫ് ദ ഇയർ ആയി ഇലോൺ മസ്‌കിനെയാണ് തിരഞ്ഞെടുത്തത്. ശതകോടീശ്വരൻമാർ ശമ്പള വരുമാനമായി വലിയ തുക കാണിക്കാതെ സമ്പത്ത്​ മുഴുവൻ ഒാഹരികളായി കൈകാര്യം ചെയ്യുന്നതിനാൽ നികുതി അടക്കാതെ രക്ഷപ്പെടുകയാണെന്ന ആക്ഷേപം ശക്​തമാണ്​. ഈയവസരത്തിൽ ഡെമോക്രാറ്റിക് സെനറ്റർ എലിസബത്ത് വാറന്‍റെ ട്വീറ്റും ഏറെ ചർച്ചയായി. നികുതി വ്യവസ്​ഥകളിൽ മാറ്റം വരുത്തിയാലേ 'പേർസൺ ഒാഫ്​ ദ ഇയർ' നികുതിയടച്ച്​ മറ്റുള്ളവരുടെ ചെലവിൽ കഴിയുന്നത്​ നിർത്തുകയുള്ളൂ  എന്നായിരുന്നു അവരുടെ ട്വീറ്റ്​.  ഇതിന് മറുപടിയായാണ് ചരിത്രത്തിലെ ഏതൊരു അമേരിക്കക്കാരനേക്കാളും കൂടുതൽ നികുതി ഈ വർഷം താൻ നൽകുമെന്ന്​ ഇലോൺ മസ്‌ക് പറഞ്ഞത്.

അതിസമ്പന്നരുടെ നികുതി വർധിപ്പിക്കാൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡന് പദ്ധതിയുണ്ടെങ്കിലും ഇതുവരെ നിയമനിർമ്മാണ പദ്ധതികൾക്ക് പൂർണ്ണപിന്തുണ ലഭിച്ചിട്ടില്ല. എലിസബത്ത് വാറൻ ഉൾപ്പെടെയുള്ള ചില സെനറ്റർമാർ, അമേരിക്കയിലെ ഏറ്റവും ധനികരായ പൗരന്മാരുടെ വരുമാനത്തിനും അവരുടെ കൈവശമുള്ള ഓഹരികൾ പോലെയുള്ള ആസ്തികളുടെ വർധിച്ചുവരുന്ന മൂല്യത്തിനും നികുതി ചുമത്താനുള്ള ആശയത്തെ പിന്തുണച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിലെ സമ്പന്നരായ പല പൗരന്മാരും നേരിട്ട് നികുതി നൽകുന്നതിൽ നിന്ന് ഒഴിയാനായി തങ്ങളുടെ സമ്പത്ത് ഷെയറുകളിലും മറ്റ് നിക്ഷേപങ്ങളിലും സൂക്ഷിക്കുകയാണ് ചെയുന്നതെന്ന ആക്ഷേപം ശക്​തമാണ്​. 

Tags:    
News Summary - Elon Musk says he'll pay tax more than any American in history

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.