ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത് ആയിരത്തിലേറെ മൃതദേഹങ്ങൾ

ഗസ്സ സിറ്റി: ഇസ്രായേലിന്‍റെ മനുഷ്യത്വരഹിതമായ വ്യോമാക്രമണത്തിൽ തകർന്ന ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങൾക്കുള്ളിൽ ആയിരത്തിലേറെ മൃതദേഹങ്ങൾ കുടുങ്ങിക്കിടക്കുന്നതായി ഗസ്സ ആഭ്യന്തര മന്ത്രാലയ വക്താവ് പറഞ്ഞു. മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിലേക്കാണ് ഇത് നയിക്കുകയെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അൽ-ബോസം പറഞ്ഞു.

തകർന്ന കെട്ടിടങ്ങൾക്കടിയിൽപ്പെട്ട് 24 മണിക്കൂറിന് ശേഷവും നിരവധി പേരെ രക്ഷിച്ചിട്ടുണ്ട്. ആയിരത്തിലേറെ മൃതദേഹങ്ങൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലാണ്. ഇത് അഴുകിത്തുടങ്ങുന്നത് മാനുഷികവും പാരിസ്ഥിതികവുമായ ദുരന്തത്തിനിടയാക്കും -അദ്ദേഹം വ്യക്തമാക്കി.

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന ആക്രമണത്തിൽ 2750 പേരാണ് തിങ്കളാഴ്ചയോടെ കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 9700 ആയി. ഗസ്സയുടെ തെക്കൻ മേഖലയിലേക്ക് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ സൈന്യം വടക്കൻ ഗസ്സക്കാർക്ക് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ഖാൻ യൂനിസ് നഗരം ഉൾപ്പെടുന്ന തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം നടത്തുകയാണ്.

 

23 ലക്ഷമാണ് ഗസ്സയിലെ ജനസംഖ്യ. ഇതിൽ 47 ശതമാനവും കുട്ടികളാണ്. 17 ലക്ഷം പേർ കഴിയുന്നത് അഭയാർഥി കാമ്പുകളിലാണ്. ഇസ്രായേൽ വ്യോമാക്രമണത്തിൽ 64,283 പാർപ്പിട കെട്ടിടങ്ങൾ തകർന്നതായാണ് ഗസ്സ ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്ക്. ഇതിൽ 5540 കെട്ടിടങ്ങൾ പൂർണമായും തകർത്തു. 18 ആരാധനാലയങ്ങൾ തകർന്നതിൽ 11 എണ്ണം പൂർണമായും തകർന്നു. 19 ആരോഗ്യ കേന്ദ്രങ്ങളും 20 ആംബുലൻസുകളും 11 ജലശുദ്ധീകരണ കേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർത്തു. 

സഹായ സാമഗ്രികളുമായുള്ള സന്നദ്ധ സംഘടനകളുടെ ട്രക്കുകൾ ഫലസ്തീനിലേക്ക് പോകാൻ ഈജിപ്തിലെ അൽ-അരിഷ് നഗരത്തിൽ കാത്തുകിടക്കുന്നു (photo: Reuters)

 

അതിനിടെ, അന്താരാഷ്ട്ര സമ്മർദങ്ങൾക്കൊടുവിൽ തെക്കൻ ഗസ്സയിലെ റഫ അതിർത്തി തുറക്കാൻ സമ്മതിച്ചതായി റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ഇസ്രായേൽ ഇത് തള്ളി. തിങ്കളാഴ്ച രാവിലെ ഗസ്സയിലേക്കുള്ള റഫ അതിർത്തി ക്രോസിങ് വീണ്ടും തുറന്നുവെന്നായിരുന്നു റിപ്പോർട്ട്. സഹായ വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഇസ്രായേൽ ആക്രമണം മണിക്കൂറുകൾ നിർത്തി വെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ, തെക്കൻ ഗസ്സയിൽ വെടിനിർത്തലെന്ന റിപ്പോർട്ട് ഇസ്രായേൽ നിഷേധിച്ചു.

വിദേശികളെ പുറത്തെത്തിക്കുന്നതിന് പകരമായി ഗസ്സയിൽ താത്കാലിക യുദ്ധവിരാമമോ സഹായ സമാഗ്രികൾ എത്തിക്കാൻ സമ്മതിച്ചിട്ടോ ഇല്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിൽ പറഞ്ഞു.

ഗസ്സക്കും ഈജിപ്തിനും ഇടയിലുള്ള അതിർത്തി കവാടമാണ് റഫ. പുറത്തുനിന്ന് ഗസ്സയിലേക്കുള്ള മാനുഷിക സഹായം എത്തിക്കുന്നതിൽ റഫക്ക് നിർണായക പങ്കുണ്ട്. ഇസ്രായേൽ ആക്രമണത്തിനിടയിൽ വെള്ളവും ഭക്ഷണവും പോലുമില്ലാതെ വലയുന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം ദശലക്ഷക്കണക്കിന് ഗസ്സക്കാർക്ക് ആവശ്യമായ സഹായം എത്തിക്കാൻ നൂറിലധികം ട്രക്കുകളാണ് അതിർത്തിയിൽ തയാറായി നിൽക്കുന്നത്.

Tags:    
News Summary - Environmental crisis warning as 1,000 bodies still under Gaza rubble

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.