അങ്കാറ: സമഗ്ര മാറ്റവുമായി തുർക്കിയയിൽ റജബ് ത്വയ്യിബ് ഉർദുഗാൻ പുതിയ മന്ത്രിസഭ രൂപവത്കരിച്ചു. ആരോഗ്യ, സാംസ്കാരിക മന്ത്രിമാർ ഒഴികെ മുൻ മന്ത്രിസഭയിലെ എല്ലാവരെയും മാറ്റിയിട്ടുണ്ട്. സമ്പദ് വ്യവസ്ഥയെ കരകയറ്റാൻ ലക്ഷ്യമിട്ട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധൻ മെഹ്മെത് സിംസെകിന് ധനവകുപ്പിന്റെ ചുമതല നൽകി. ഉർദുഗാന്റെ സാമ്പത്തിക നയങ്ങളെ എതിർക്കുന്നയാളായാണ് സിംസെക് അറിയപ്പെടുന്നത്. 2009 മുതൽ 2015 വരെ ധനമന്ത്രിയായിട്ടുണ്ട് അദ്ദേഹം.
പണപ്പെരുപ്പം നിയന്ത്രിക്കുകയും കറൻസിയുടെ മൂല്യം ഉയർത്തുകയുമാണ് പ്രധാന വെല്ലുവിളി. രഹസ്യാന്വേഷണ വകുപ്പ് മേധാവിയും മുൻ സൈനികനുമായ ഹകാൻ ഫിദാനാണ് വിദേശകാര്യമന്ത്രി. സൈനിക മേധാവിയായിരുന്ന യാസർ ഗുലെർ ആണ് പ്രതിരോധ മന്ത്രി. ഉർദുഗാന്റെ എ.കെ പാർട്ടി ഡെപ്യൂട്ടി ചെയർമാനും വികസന മന്ത്രിയുമായിരുന്ന സെവ്ദെത് യിൽമെസിനെ വൈസ് പ്രസിഡന്റായും നിയമിച്ചു.
അലി യെർലികായ (ആഭ്യന്തരം), യിൽമസ് തുർക് (നീതിന്യായം), വെദത് ഇസിഖാൻ (തൊഴിൽ, സാമൂഹിക ക്ഷേമം), മെഹ്മെത് ഒഹാസെകി (പരിസ്ഥിതി), അൽപർസ്‍ലാൻ ബൈറക്തർ (ഊർജം), ഉസ്മാൻ അസ്കിൻ ബാക് (കായികം), മെഹ്മെത് നൂരി ഇർസോയ് (സാംസ്കാരികം, വിനോദസഞ്ചാരം), ഫഹ്റതിൻ കോക (ആരോഗ്യം), ഇബ്രാഹിം യുമക്‍ലി (കൃഷി, വനം), ഒമർ ബൊലത് (വാണിജ്യം), അബ്ദുൽ ഖാദിർ ഉറലോഗ്‍ലു (ഗതാഗതം, അടിസ്ഥാന സൗകര്യം) എന്നിവരാണ് മറ്റു മന്ത്രിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.