യുനൈറ്റഡ് നേഷന്‍സ്: ചരിത്രത്തിലെ ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹത്തിന് സാക്ഷ്യംവഹിച്ച് 2015. അന്തര്‍ദേശീയ അഭയാര്‍ഥിദിനത്തോടനുബന്ധിച്ച് യു.എന്‍ ഏജന്‍സി പുറത്തുവിട്ട കണക്കുകളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്. രണ്ടാം ലോകയുദ്ധത്തോടെ ഉണ്ടായ അഭയാര്‍ഥിപ്രവാഹമായിരുന്നു ഇത്രയുംനാള്‍ ഒൗദ്യോഗികമായി രേഖപ്പെടുത്തപ്പെട്ടതില്‍ ഏറ്റവും വലുത്.
എന്നാല്‍, യു.എന്നിന്‍െറ പുതിയ കണക്കനുസരിച്ച് യുദ്ധങ്ങളാലും ആഭ്യന്തര സംഘര്‍ഷങ്ങളാലും പോയ വര്‍ഷം 6.53 കോടി പേര്‍ അഭയാര്‍ഥികളോ വീടുകളില്‍നിന്ന് ആഭ്യന്തരമായി പുറന്തള്ളപ്പെട്ടവരോ ആയി മാറി. തൊട്ടുമുമ്പത്തെ വര്‍ഷത്തെക്കാള്‍ 50 ലക്ഷം പേരുടെ വര്‍ധനയാണുണ്ടായത്. ഒരു മിനിറ്റില്‍ 24 പേര്‍ എന്ന തോതിലും ഒരു ദിവസം 34,000 പേര്‍ എന്ന തോതിലുമായിരുന്നു സ്വന്തം മണ്ണില്‍നിന്ന് പറിച്ചെറിയപ്പെട്ടവര്‍. ഭൂമിയിലെ 113 പേരില്‍ ഒരാളെന്ന തോതില്‍ വരും ഇതെന്നും യു.എന്‍.എച്ച്.സി.ആറിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നു.
സിറിയ, അഫ്ഗാനിസ്താന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍നിന്നാണ് അഭയാര്‍ഥികളുടെ 54 ശതമാനവും. മൊത്തം അഭയാര്‍ഥികളില്‍ പകുതിലേറെപ്പേരും 18 വയസ്സില്‍ താഴെയുള്ളവരാണ്. സാമ്പത്തികമായി തളര്‍ന്നതോ സാധാരണ നിലയില്‍ ഉള്ളതോ ആയ രാജ്യത്തുനിന്നുള്ളവരാണ് 86 ശതമാനം അഭയാര്‍ഥികളും. തുര്‍ക്കിയാണ് ലോകത്തേറ്റവും കൂടുതല്‍ അഭയാര്‍ഥികളെ സ്വീകരിക്കാന്‍ തയാറായ രാജ്യം. 25 ലക്ഷം പേര്‍ക്കാണ് തുര്‍ക്കി ജീവിതം നല്‍കിയത്. ഇതിന് തൊട്ടു പിന്നിലായി പാകിസ്താനും ലബനാനുമാണ്.
വടക്കന്‍ രാജ്യങ്ങളായ ജര്‍മനിയും സ്വീഡനുമാണ് അഭയാര്‍ഥികളില്‍ അധിക പേരും തെരഞ്ഞെടുത്തത്. 2015ല്‍ പുതിയ അഭയാര്‍ഥികളുടെ അപേക്ഷകള്‍ സ്വീകരിച്ചവയില്‍ ഒന്നാം സ്ഥാനമാണ് ജര്‍മനിക്ക്. അതിനു പിന്നിലായി യു.എസും സ്വീഡനും. ദുര്‍ഘടമായ കടല്‍പ്പാത താണ്ടിയവരുടെ എണ്ണം 10.12 ലക്ഷം വരുമെന്ന് ഇന്‍റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ പറയുന്നു. 35,000 പേര്‍ കരമാര്‍ഗവും എത്തി.
10 ലക്ഷത്തിലേറെ പേരാണ് യൂറോപ്പിലേക്ക് കഴിഞ്ഞ വര്‍ഷം ചേക്കേറിയത്. അഭയാര്‍ഥികളുടെ ക്രമാതീതമായ പ്രവാഹത്തോടെ യൂറോപ്യന്‍ യൂനിയനില്‍ അഭിപ്രായഭിന്നതകള്‍ രൂപപ്പെട്ടു. ഇതാവട്ടെ അവസാനം എത്തിച്ചേര്‍ന്നത് ഇ.യു-തുര്‍ക്കി കരാര്‍ രൂപവത്കരണത്തിലേക്കാണ്. യൂറോപ്പിലേക്കുള്ള അഭയാര്‍ഥികളുടെ എണ്ണത്തില്‍ തുര്‍ക്കിക്ക് പരിധികള്‍ വെക്കുന്ന കരാര്‍ വന്‍തോതിലുള്ള വിമര്‍ശങ്ങള്‍ക്കിടയാക്കി.
പല കാരണങ്ങളാല്‍ സ്വന്തം മണ്ണില്‍നിന്ന് പുറന്തള്ളപ്പെടുന്നവര്‍ക്കുവേണ്ടി ഇപ്പോഴുള്ളതില്‍ കൂടുതലായി എന്തെങ്കിലും ചെയ്യണമെന്ന് യൂറോപ്പിലെയും ഇതര രാജ്യങ്ങളിലെയും നേതാക്കളോട് ജനീവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യു.എന്‍.സി.എച്ച്.ആര്‍ ആവശ്യപ്പെട്ടു. ഈ കണക്കുകള്‍ നേതൃ ത്വങ്ങളിലേക്ക് എത്തുമെന്ന് കരുതുന്നതായും നമുക്ക് വേണ്ടത് സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള രാഷ്ട്രീയ നടപടികള്‍ അടക്കമുള്ളവയാണെന്നും അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ കമീഷന്‍ ഫിലിപ്പോ ഗ്രാന്‍ഡി പറഞ്ഞു. നിങ്ങള്‍ക്ക് പ്രശ്നം പരിഹരിക്കാനാവില്ളെങ്കില്‍ പ്രശ്നങ്ങള്‍ നിങ്ങളിലേക്കുകൂടി എത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.