ബ്രസല്‍സ് ആക്രമണം: കാണാതായ രാഘവേന്ദ്ര ഗണേശന്‍ മരണപ്പെട്ടതായി സ്ഥിരീകരണം

ബ്രസല്‍സ്: ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ 31 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനിടെ കാണാതായ ബംഗളൂരു സ്വദേശിയായ ഇന്‍ഫോസിസ് ജീവനക്കാരന്‍ രാഘവേന്ദ്ര ഗണേശ് മരിച്ചതായി സ്ഥിരീകരണം. ബ്രസല്‍സിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആംസ്റ്റര്‍ഡാം വഴി ഇന്ത്യയിലത്തെിക്കും. നാലു വര്‍ഷമായി ഇദ്ദേഹം ബ്രസല്‍സില്‍ ജോലിചെയ്യുന്നുണ്ട്. ഗണേശിനെ കാണാതായതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസി നടത്തുന്ന തിരച്ചിലുമായി സഹകരിക്കാന്‍ സഹോദരന്‍ ബ്രസല്‍സിലത്തെിയിരുന്നു. എന്നാല്‍, ബെല്‍ജിയത്തിലെ നിയമപ്രകാരം ചികിത്സയില്‍ കഴിയുന്നവരെക്കുറിച്ച് വിവരം നല്‍കാന്‍ സൈനിക ആശുപത്രി തയാറാകാത്തതിനാല്‍ തിരച്ചില്‍ നീളുകയായിരുന്നു. അതിനിടെ, ഗണേശ് സുരക്ഷിതനാണെന്ന് ഫേസ്ബുക് സന്ദേശം ലഭിച്ചതായി ബന്ധുക്കളും സുഹൃത്തുക്കളും അവകാശപ്പെട്ടത് പ്രതീക്ഷകളുണര്‍ത്തിയിരുന്നു. 22ന് മെല്‍ബീക് മെട്രോ സ്റ്റേഷനില്‍ സ്ഫോടനം നടക്കുമ്പോള്‍ ഗണേശ് സ്ഥലത്തുണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം മെട്രോയില്‍ യാത്രചെയ്തതിന്‍െറ വിവരങ്ങളും ലഭിച്ചു. സ്ഫോടനം നടന്ന ചൊവ്വാഴ്ച ഉച്ചക്ക് 12.30നും 1.30നും ഇടയില്‍ ഗണേശുമായി സംസാരിച്ചിരുന്നുവെന്ന് മാതാവ് അന്നപൂര്‍ണി വ്യക്തമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ പരിശോധിച്ചതില്‍നിന്നും ഗണേശ് സംഭവദിവസം മെട്രോയില്‍ യാത്രചെയ്തിരുന്നതായി വ്യക്തമാവുകയായിരുന്നു. പിന്നീട് നടന്ന പരിശോധനകളിലാണ് മെല്‍ബീക്കില്‍ ഗണേശ് ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ബ്രസല്‍സിലെ വിമാനത്താവളത്തിലും മെട്രോ സ്റ്റേഷനിലുമായി ചൊവ്വാഴ്ചയാണ് ഭീകരര്‍ സ്ഫോടനം നടത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.