സിഡ്നി: ഇന്ത്യയിൽ 18 മാസത്തിനിടെ ഏഴ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ അതീവ ആശങ്കയുമായി മീഡിയ നിരീക്ഷണ സംഘമായ റിപ്പോർേട്ടഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്). 2017ൽ തൊഴിലുമായി ബന്ധപ്പെട്ട സംഘർഷങ്ങളിലാണ് മൂന്ന് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതെന്ന് തെളിഞ്ഞിട്ടുണ്ട്.
മറ്റൊരു കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. 2018ൽ ആറുമാസത്തിനിടെയാണ് നാല് മാധ്യമപ്രവർത്തകരുടെ ജീവൻ പൊലിഞ്ഞത്. അതോടൊപ്പം, മാധ്യമപ്രവർത്തകർക്കെതിരായി ഒാൺലൈൻ വഴിയും ആക്രമണങ്ങൾ പെരുകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിശ്വസ്തരാണ് മാധ്യമസംഘങ്ങൾക്കെതിരെ ഒാൺലൈൻ വഴി വംശീയ പ്രചാരണങ്ങൾ നടത്തുന്നത്. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണ് ഇതെന്നും ആർ.എസ്.എഫ് കുറ്റപ്പെടുത്തി. വേൾഡ് പ്രസ് ഫ്രീഡം ഇൻഡക്സിൽ ഇന്ത്യയുടെ നില പിന്നിലായതായും സംഘം ചൂണ്ടിക്കാട്ടി.
ഇംഗ്ലീഷ് ഭാഷ ദിനപത്രമായ റൈസിങ് കശ്മീർ എഡിറ്റർ ശുജാഅത്ത് ബുഖാരിയാണ് ഏറ്റവുമൊടുവിൽ ആക്രമികളുടെ തോക്കിനിരയായത്. ജൂൺ 14ന് പത്ര ഒാഫിസിനു പുറത്താണ് അദ്ദേഹത്തിനുനേരെ അതിക്രമം നടന്നത്. ഇന്ത്യയിൽ 1992 മുതൽ ഇതുവരെയായി 40 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.