വിയന: തീവ്ര വലതുപക്ഷ നിലപാട് പുലർത്തുന്ന സർക്കാർ അധികാരത്തിലുള്ള ഒാസ്ട്രിയയിൽ ഏഴു പള്ളികൾ അടച്ചുപൂട്ടാൻ തീരുമാനം. ഒരു തുർക്കി പള്ളിയും മറ്റ് ആറു പള്ളികൾ നടത്തുന്ന ഒരു മതസംഘടനയും നിരോധിക്കുകയാണെന്ന് ചാൻസലർ സെബാസ്റ്റ്യൻ കുർസ് പ്രഖ്യാപിച്ചു.
2015ൽ സർക്കാർ നടപ്പാക്കിയ നിയമത്തിെൻറ ഭാഗമായാണ് പുതിയ നടപടി. വിദേശ ഫണ്ടോടെ മതപ്രവർത്തനം നടത്തുന്നതോ വിശാല ദേശീയ കാഴ്ചപ്പാട് പുലർത്താതെ നിലനിൽക്കുന്നതോ ആയ മതസംഘടനകളെ നിരോധിക്കുമെന്ന് നിയമം അനുശാസിക്കുന്നു. രാഷ്ട്രീയ ഇസ്ലാമും സമാന്തര സമൂഹങ്ങളും ഒാസ്ട്രിയയിൽ അനുവദിക്കില്ലെന്നുകൂടി പറഞ്ഞാണ് നിരോധനം ചാൻസലർ പ്രഖ്യാപിച്ചത്.
ആറു ലക്ഷത്തോളമാണ് ഒാസ്ട്രിയയിലെ മുസ്ലിം ജനസംഖ്യ. ഇവരിലേറെയും തുർക്കി വംശജരാണ്. ഏഴു പള്ളികൾ അടച്ചുപൂട്ടുന്നതോടെ നിരവധി ഇമാമുമാരും നാടുകടത്തൽ ഭീഷണിയിലാണ്. പുതുതായി നിരോധന പരിധിയിൽ വരുന്ന സംഘടനക്കു കീഴിൽ 40ഒാളം ഇമാമുമാരും സേവനമനുഷ്ഠിച്ചുവരുന്നുണ്ട്. ഇവരെയും നാടുകടത്തിയേക്കും. തീരുമാനത്തിനെതിരെ തുർക്കി കടുത്ത പ്രതിഷേധമറിയിച്ചിട്ടുണ്ട്.
കടുത്ത കുടിയേറ്റവിരുദ്ധ നയം തുടരുന്ന ഫ്രീഡം പാർട്ടിക്കൊപ്പം ചേർന്ന് കഴിഞ്ഞ ഡിസംബറിലാണ് കുർസ് ഒാസ്ട്രിയയിൽ സർക്കാർ രൂപവത്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.