തെൽഅവീവ്: ഒടുക്കം ഇസ്രായേലിൽ ഭരണപ്രതിസന്ധി തീരുന്നു. പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും രാഷ്ട്രീയ എതിരാളി ബെന്നി ഗ്രാൻറ്സും ചേർന്ന് ഐക്യ സർക്കാറുണ്ടാക്കുന്നതിന് എം.പിമാർ അംഗീകാരം നൽകി. 37നെതിരെ 71 വോട്ടുകൾക്കാണ് പാർലമെൻറ് സഖ്യ രൂപവത്കരണത്തെ അനുകൂലിച്ചത്. ഇതോടെ, ഒരു വർഷത്തിലധികമായി ഇസ്രായേലിൽ തുടരുന്ന സർക്കാർ രൂപവത്കരണ പ്രതിസന്ധി അവസാനിക്കും.
മേയ് 13ന് അധികാരമേൽക്കുമെന്ന് നെതന്യാഹുവും ഗ്രാൻറ്സും പറഞ്ഞു. ഇരുവരും18 മാസം വീതം പ്രധാനമന്ത്രിപദത്തിലിരിക്കാനാണ് ധാരണ. ആദ്യം നെതന്യാഹുവാകും രാജ്യത്തെ നയിക്കുക. ഐക്യ സർക്കാർ രൂപവത്കരണത്തിനെതിരെ ചിലർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. നെതന്യാഹുവിനെതിരെ നിരവധി അഴിമതി ആരോപണങ്ങളുള്ളതിനാൽ അദ്ദേഹത്തിന് വീണ്ടും പ്രധാനമന്ത്രിയാകാനാകില്ല എന്നതായിരുന്നു ഒരു വാദം. രണ്ടു കക്ഷികളും തമ്മിലുള്ള ഐക്യമുന്നണിയിലെ ചില നീക്കുപോക്കുകൾ നിയമവിരുദ്ധമാണ് എന്നും അവർ ഉന്നയിച്ചു.
എന്നാൽ, ഇവരുടെ സഖ്യം സർക്കാറുണ്ടാക്കുന്നത് തടയാനുള്ള ഒരു നിയമവ്യവസ്ഥയുമില്ലെന്ന് കഴിഞ്ഞ ദിവസം കോടതി വിധിച്ചു. ഇത് നെതന്യാഹുവിനെതിരെ നിലവിലുള്ള അഴിമതി ആരോപണങ്ങളെ ഇല്ലാതാക്കുന്നില്ലെന്നും മേയ് 24ന് തുടങ്ങുന്ന വിചാരണയിൽ അത് വിലയിരുത്തുമെന്നും കോടതി വ്യക്തമാക്കി. 2018 ഡിസംബർ മുതൽ ഇസ്രായേലിൽ സ്ഥിരതയുള്ള സർക്കാറില്ലാത്ത അവസ്ഥയാണ്. മൂന്നു തെരഞ്ഞെടുപ്പുകൾ നടന്നു. മൂന്നിലും ഗ്രാൻറ്സിെൻറ മധ്യകക്ഷിയായ ‘ബ്ലൂ ആൻഡ് വൈറ്റ്’ സഖ്യവും നെതന്യാഹുവിെൻറ ‘ലികുഡ് പാർട്ടി’യും ഒപ്പത്തിനൊപ്പമായിരുന്നു. ഈ കാലയളവിൽ താൽക്കാലിക അധികാരത്തിൽ നെതന്യാഹു തുടരുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.