ലണ്ടൻ: ബ്രെക്സിറ്റിന് മൂന്നുമാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന ക ത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യൂറോപ്യൻയൂനിയന് കൈമാറി. അതേസമയം, കത്തിൽ ബോറിസ് ജോൺസൺ ഒപ്പുവെച്ചിട്ടില്ല. പകരം ബ്രെക്സിറ്റ് വൈകിപ്പിക്കൽ അബദ്ധ മാണെന്നും ഈമാസം 31നുതന്നെ യൂനിയൻ വിടണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സൂചിപ്പിക്കുന്ന മറ്റൊരു കത്ത് ഒപ്പുവെച്ച് യൂറോപ്യൻ കൗൺസിൽ പ്രസിഡൻറ് ഡോണൾഡ് ടസ്കിനു കൈമാറി. ബ്രെക്സിറ്റ് നീട്ടാൻ ആവശ്യപ്പെട്ട് കത്ത് ലഭിച്ചതായും ഇക്കാര്യത്തിൽ ഉടൻ തീരുമാനമെടുക്കുമെന്നും ടസ്ക് ട്വീറ്റ് ചെയ്തു.
അടുത്തയാഴ്ച ബ്രെക്സിറ്റ് കരാറിൽ വോട്ടെടുപ്പ് നടത്താമെന്നാണ് ബോറിസ് ജോൺസൺ കണക്കുകൂട്ടുന്നത്. ബ്രെക്സിറ്റ് മൂന്നുമാസത്തേക്ക് കൂടി നീട്ടണമെന്ന ആവശ്യം സമ്മർദങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി അംഗീകരിക്കുകയായിരുന്നു. ബ്രെക്സിറ്റ് വൈകിപ്പിക്കൽ ശനിയാഴ്ച നടന്ന അസാധാരണ പാർലമെൻറ് യോഗത്തിൽ ബ്രെക്സിറ്റ് നീട്ടണമെന്നാവശ്യപ്പെടുന്ന ബദൽ ഭേദഗതി ബ്രിട്ടീഷ് എം.പിമാർ പാസാക്കിയിരുന്നു.
ബ്രെക്സിറ്റ് വോട്ടെടുപ്പിന് പകരമാണ് നേരത്തേ പാർലമെൻറ് അംഗീകരിച്ച ബെൻ നിയമം അനുസരിച്ച് ഭേദഗതി പാസാക്കിയത്. കാലാവധി നീട്ടാൻ ആവശ്യപ്പെട്ടാൽ മാത്രം പുതിയ കരാർ പാർലമെൻറിൽ ചർച്ചക്കു വെച്ചാൽ മതിയെന്നായിരുന്നു എം.പിമാരുടെ ആവശ്യം.
അതിനിടെ, യൂറോപ്യൻ യൂനിയനുമായി സമവായത്തിലെത്തിയ ബ്രെക്സിറ്റ് കരാറിൽ ബ്രിട്ടീഷ് പാർലമെൻറിൽ തിരിച്ചടി നേരിട്ടെങ്കിലും ഈ മാസം 31നകം ബ്രെക്സിറ്റ് യാഥാർഥ്യമാകുമെന്ന ശുഭപ്രതീക്ഷയുണ്ടെന്ന് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റഅബ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.