സോഫിയ: ഓർത്തഡോക്സ് ചർച്ചുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ഫ്രാൻസിസ് മാർപാപ്പയുടെ യൂറോപ്യൻ പര്യടനം. ബൾഗേറിയയിലേക്കും വടക്കൻ മാസിഡോണിയയിലേക്കുമാണ് പോപ്പിെൻറ ത്രിദിന സന്ദർശനം. ഇരുരാജ്യങ്ങളിലും കത്തോലിക്ക വിഭാഗം നാമമാത്രമാണ്. ഞായറാഴ്ച ബൾഗേറിയയിലെ ഓർത്തഡോക്സ് നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. 17 വർഷത്തിനിടെ ആദ്യമായാണ് കത്തോലിക്ക സഭാധ്യക്ഷൻ ബൾഗേറിയ സന്ദർശിക്കുന്നത്.
തലസ്ഥാനമായ സോഫിയയിലെ ഓർത്തഡോക്സ് കത്തീഡ്രലിലും പോപ് സന്ദർശനം നടത്തി. എന്നാൽ, മാർപാപ്പക്കൊപ്പം പ്രാർഥനകളിൽ പങ്കെടുക്കാൻ നേതാക്കൾ തയാറായില്ല. ഓർത്തഡോക്സ് ചർച്ച് നേതാവ് പാട്രിയാർക് നിയോഫിതുമായും പോപ് ചർച്ച നടത്തും.
1054ൽ ഭിന്നിച്ചതാണ് കത്തോലിക്ക-ഓർത്തഡോക്സ് വിഭാഗങ്ങൾ. ഇരുവിഭാഗങ്ങളുടെയും ഐക്യത്തിനായി വത്തിക്കാൻ കാലങ്ങളായി ശ്രമം നടത്തിവരികയാണ്. ബൾഗേറിയയിൽ 58,000വും വടക്കൻ മാസിഡോണിയയിൽ 15,000വും കത്തോലിക്കരുണ്ടെന്നാണ് കണക്ക്.
യൂറോപ്യൻ യൂനിയനിലെ ദരിദ്രരാജ്യമായ ബൾഗേറിയയിൽ ജനനനിരക്കും കുടിയേറ്റവും കുറയുന്നതിൽ പോപ് ആശങ്ക പ്രകടിപ്പിച്ചു. അഭയാർഥികൾക്കുനേരെ കണ്ണും ഹൃദയവും കൈകളും കൊട്ടിയടക്കരുതെന്നും ആഹ്വാനം ചെയ്തു. അഭയാർഥികളെ സ്വീകരിക്കുന്നതിൽ കടുത്ത നിലപാടാണ് ബൾഗേറിയ സ്വീകരിക്കുന്നത്. 2015ൽ 20,000 പേരാണ് അഭയത്തിനായി അപേക്ഷ നൽകിയത്. 2018 ആയപ്പോഴേക്കും എണ്ണം 2500ആയി കുറഞ്ഞു.
യൂറോപ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മരണനിരക്കുള്ള രാജ്യവും ബൾഗേറിയയാണ്. ഗ്രീസുമായി കാലങ്ങളായി നിലനിന്ന പേരു തർക്കം അവസാനിച്ചതിനുശേഷം മാർപാപ്പ ആദ്യമായാണ് വടക്കൻ മാസിഡോണിയയിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.