കോപ്പൻഹേഗൻ: മുസ് ലിം സ്ത്രീകൾ ധരിക്കുന്ന മുഖാവരണം (ബുർഖ, നിഖാബ്) നിരോധിക്കുന്നതിനുള്ള നടപടികളുമായി യൂറോപ്യൻ രാജ്യമായ ഡെൻമാർക്കും. ഡെൻമാർക്ക് പാർലമെന്‍റിലെ ഭൂരിഭാഗം പാർട്ടികളും നിരോധനത്തെ പിന്തുണച്ചതോടെയാണ് സർക്കാർ നിരോധനം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്. കണ്ണ് മാത്രം പുറത്തു കാണുന്ന രീതിയിൽ ധരിക്കുന്ന മുഖാവരണത്തിനും കണ്ണിന്റെ സ്ഥാനത്ത് നേർത്ത തുണികൊണ്ടുള്ള പൂർണമായി മറക്കുന്ന മുഖാവരണത്തിനുമാണ് നിരോധനം ഏർപ്പെടുത്തുക.
ഡെൻമാർക്ക് കൂട്ടുമന്ത്രിസഭയിലെ ഭൂരിപക്ഷവും നിരോധന തീരുമാനത്തെ പിന്തുണച്ചു. സർക്കാറിന്റെ സഖ്യകക്ഷിയായ ഡാനിഷ് പീപ്പ്ൾ പാർട്ടിയും മുഖ്യ പ്രതിപക്ഷമായ സോഷ്യൽ ഡെമോക്രാറ്റുകളും നിരോധനത്തോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മുഖാവരണം നിരോധിക്കാനുള്ള തീരുമാനം ഫലപ്രദമാണെന്നും ഇത് മതപരമായ പ്രശ്നമല്ലെന്നും മുഖം മറക്കുന്നതിന്‍റെ നിരോധനമാണെന്നും ലിബറൽ പാർട്ടി വക്താവ് ജേക്കബ് എലെമാൻ ചൂണ്ടിക്കാട്ടി.
പൂർണമായും ഭാഗികമായും മുഖാവരണം ധരിക്കുന്നത് സംബന്ധിച്ച് യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായമാണുള്ളത്. മുഖാവരണം ധരിക്കുന്നത് മതപരമായ സ്വാതന്ത്ര്യമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാൽ, അന്യദേശ സംസ്കാരവും സ്ത്രീകളോടുള്ള മർദനത്തിന്റെ പ്രതീകവും ആണെന്ന് മറ്റൊരു വിഭാഗം ആരോപിക്കുന്നു.
ഡെൻമാർക്കിൽ ഏകദേശം 200ഒാളം മുസ് ലിം സ്ത്രീകൾ മുഖാവരണം ധരിക്കുന്നതായി വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫ്രാൻസ്, ബെൽജിയം, നെതർലാൻഡ്സ്, ബൾഗേറിയ, ബവേറിയ എന്നീ രാജ്യങ്ങളിൽ പൊതുസ്ഥലങ്ങളിൽ പൂർണമോ ഭാഗികമോ ആയി മുഖാവരണങ്ങൾ ധരിക്കുന്നതിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നോർവെ സർക്കാർ കിൻറർഗാർഡൻ, വിദ്യാലയങ്ങൾ, സർവകലാശാലകൾ എന്നിവിടങ്ങളിൽ മുസ് ലിംകൾ മുഖാവരണം ധരിക്കുന്നത് നിരോധിക്കാൻ കഴിഞ്ഞ ജൂണിൽ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.