ന്യൂയോർക്: യു.എസ് സംസ്ഥാനമായ ഫ്ലോറിഡയിലെ സ്കൂളിൽ വെടിവെപ്പു നടത്തി 17 പേരെ കൊലപ്പെടുത്തിയ നികളസ് ക്രൂസ് കുറ്റസമ്മതം നടത്തിയതായി പൊലീസ് അറിയിച്ചു. വെടിവെപ്പിനുശേഷം കടന്നു കളഞ്ഞ നികളസിനെ മണിക്കൂറിനകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കടുത്ത ആത്മസംഘർഷത്തിെൻറ ഇരയായിരുന്നുവത്രെ ഇൗ 19കാരൻ. ഇക്കാര്യം ശരിവെക്കുന്നതാണ് അയൽവാസികളും സ്കൂൾ അധികൃതരും പങ്കുവെക്കുന്ന വിവരങ്ങൾ. ആകെ അടുപ്പമുണ്ടായിരുന്ന വളർത്തമ്മയുടെ മരണവും സ്കൂളിൽ നിന്നുള്ള പുറത്താക്കലും കുട്ടിയെ സാരമായി ബാധിച്ചിരുന്നു.
േഫ്ലാറിഡയിലെ പാർക്ലാൻഡിലെ പ്രായമുള്ള ദമ്പതികളുടെ രണ്ടു വളർത്തു പുത്രന്മാരിൽ മൂത്തവനായിരുന്നു നികളസ്. പിതാവ് നേരത്തെ മരിച്ചു. അടുത്തിടെ അമ്മയും മരിച്ചതോടെ തീർത്തും ഒറ്റപ്പെട്ടു. സദാസമയവും നികളസ് മ്ലാനനും ഏകനുമായിരുന്നുവത്രെ. പിന്നീട് ഇൗ പരിസരത്ത് താമസിച്ചിരുന്ന അയൽവാസികൾക്ക് ശല്യക്കാരനുമായി മാറി. സ്വന്തമായി റൈഫിൾ കൈവശം വെച്ചിരുന്ന നികളസ് ക്രൂരപ്രവൃത്തികൾ ആസ്വദിച്ചിരുന്നുവത്രെ. മൃഗങ്ങളെയും ആളുകളെയും ഉപദ്രവിക്കുന്നതിൽ നികളസ് ആനന്ദം കണ്ടെത്തി.
പെല്ലറ്റ് ഗൺ ഉപയോഗിച്ച് അണ്ണാനെ കൊല്ലൽ പതിവായിരുന്നു. ഇതിനെ തെൻറ രണ്ട് വളർത്തുനായ്ക്കൾക്ക് ഭക്ഷണമായി നൽകി. നായ്ക്കളെക്കൊണ്ട് ചെറിയ മൃഗങ്ങളെ കടിപ്പിച്ചു. മറ്റു കുട്ടികളുമായി സ്ഥിരമായി വഴക്കിട്ടു. ഒരിക്കൽ ഒരു കുട്ടിയുടെ ചെവി കടിച്ചുമുറിച്ചു. അയൽവാസികളുടെ വീടുകൾക്ക് കേടുപാടുകൾ വരുത്തി. സ്ഥിരമായി പൊലീസിനെ വിളിച്ചുവരുത്തേണ്ട ഗതികേടിലായിരുന്നു ഇവർ. ആകെ അടുപ്പമുണ്ടായിരുന്ന അമ്മയുടെ മരണത്തോടെ കാര്യങ്ങൾ കൂടുതൽ വഷളായി. ഒരു സുഹൃത്തിെൻറ വീട്ടിലായിരുന്നു പിന്നീടുള്ള താമസം. ഇതോടെ വിഷാദരോഗത്തിെൻറ ലക്ഷണങ്ങൾ കുട്ടി പ്രകടിപ്പിച്ചിരുന്നുവത്രെ.
‘ശല്യക്കാരനായ’ വിദ്യാർഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയിരുന്നു. തോക്കിനെ അതിയായി സ്നേഹിച്ച നികളസിെൻറ കൈവശം എ.ആർ-15 റൈഫിൾ ഉണ്ടായിരുന്നു. എല്ലാവരും അവനെ പേടിച്ചാണ് കഴിഞ്ഞിരുന്നതെന്ന് ഏറെക്കാലമായി നികളസിെൻറ ചെയ്തികൾ കണ്ടുകൊണ്ടിരിക്കുന്ന സ്പെനോ എന്നയാൾ പറഞ്ഞു.
വളർത്തമ്മയായ ലിൻഡ ഇരു കുട്ടികളെയും നന്നാക്കിയെടുക്കാൻ ഏറെ പണിപ്പെടാറുണ്ടായിരുന്നുവെന്നും അവർക്ക് നല്ലജീവിതം ഒരുക്കാൻ ലിൻഡ ശ്രമിച്ചിരുന്നുവെന്നും അയൽവാസികൾ പറയുന്നു. നികളസ് ഇത്തരത്തിലൊക്കെ പ്രവർത്തിക്കാൻ കാരണം ഒരുപക്ഷേ, അമ്മയുടെ വിയോഗം അവനിലേൽപിച്ച ആഘാതമായിരിക്കാമെന്ന് ലിൻഡയുടെ ബന്ധുവായ ബാർബറ കുംബാറ്റോവികും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.