പാരിസ്: ഫ്രാൻസിൽ ഇന്ധന വിലവർധനക്കെതിരായ പ്രതിഷേധം അക്രമാസക്തമായി. ‘മഞ്ഞക്കുപ്പായ’ക്കാരുടെ സമരത്തിനിടെ സ്ത്രീ മരിക്കുകയും 400പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭകർക്കിടയിൽപെട്ട സ്ത്രീ കാറപകടത്തിലാണ് മരിച്ചത്.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ ആയിരങ്ങൾ പങ്കാളികളായ സമരമാണ് പലയിടങ്ങളിലും സംഘർഷത്തിലേക്ക് നീങ്ങിയത്. 2000 പ്രദേശങ്ങളിലായി രണ്ടര ലക്ഷത്തോളം പേരാണ് ശനിയാഴ്ച തെരുവിലിറങ്ങിയത്. കഴിഞ്ഞമാസം സമൂഹ മാധ്യമങ്ങളിൽ ആരംഭിച്ച പ്രതിഷേധ ശബ്ദമാണ് തെരുവിലേക്ക് നീങ്ങിയത്.
മഞ്ഞ ജാക്കറ്റ് ധരിച്ചാണ് പ്രതിഷേധക്കാർ റോഡുകളും പ്രധാന തെരുവുകളും ഉപരോധിച്ച് സമരം ചെയ്തത്. പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണിെൻറ നയങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ധന വിലവർധനക്ക് കാരണമായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. ഒരു വർഷത്തിനിടെ രാജ്യത്ത് നടപ്പാക്കിയ ‘ഹരിത നികുതി’ കാരണം ഡീസലിന് 20 ശതമാനം വില വർധിച്ചതായും സമരക്കാർ പറയുന്നു.
മാക്രോൺ രാജിവെച്ചൊഴിയണമെന്നാണ് പ്രക്ഷോഭകരുടെ പ്രധാന ആവശ്യം. പാരിസിൽ അക്രമാസക്തരായ പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. പൊലീസ് ടിയർഗ്യാസ് പ്രയോഗിച്ചതോടെ നിരവധി പേർക്ക് പരിക്കേറ്റു. 73 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. അക്രമസംഭവങ്ങളിൽ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞവർഷം പ്രസിഡൻറായി അധികാരമേറ്റ മാക്രോണിെൻറ ജനപ്രീതി ഇന്ധന വിലവർധന കാരണം കുത്തനെ ഇടിഞ്ഞതായി അഭിപ്രായ സർവേ ഫലങ്ങൾ പുറത്തുവന്നിട്ടുണ്ട്. മാക്രോണിനെതിരായ ‘മഞ്ഞക്കുപ്പായ’ പ്രസ്ഥാനത്തിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത വർധിച്ചതായും സർവേ ഫലങ്ങൾ പറയുന്നു. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ധനവില കുറക്കാൻ സബ്സിഡിയടക്കമുള്ള നടപടികളുമായി സർക്കാർ രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.