ലണ്ടൻ: തെഹ്റാനിൽ ഉക്രൈൻ വിമാനം തകർന്നതിന് കാരണം ഇറാൻ മിസൈലാണെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇൻറലിജൻസ് നൽകുന്ന വിവരങ്ങളനുസരിച്ച് യുക്രൈൻ വിമാനം ഇറാൻ ഭൂതല വ്യോമമിസൈൽ തകർക്കുകയായിരുന്നുവെന്ന് ട്രൂഡ ോ പറഞ്ഞു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ബോധപൂർവമാണെന്ന് പറയാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിടാൻ അദ്ദേഹം തയാറായില്ല. ആരോപണങ്ങൾ ഇറാൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്.
ഇറാൻ മിസൈലാണ് യുക്രൈൻ വിമാനം തകർത്തതെന്നാണ് ബ്രിട്ടീഷ് ഇൻറലിജൻസ് ഏജൻസികളുടേയും നിഗമനമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ഇക്കാര്യത്തിൽ കാനഡയുമായി ചേർന്ന് സുതാര്യമായ അന്വേഷണം നടത്തുമെന്നും ജോൺസൺ കൂട്ടിച്ചേർത്തു. ഇറാൻ മിസൈൽ അവിചാരിതമായി വിമാനത്തിൽ പതിക്കുകയായിരുന്നെന്ന് അമേരിക്കയും ആരോപിച്ചിട്ടുണ്ട്.
ബുധനാഴ്ച നടന്ന യുക്രൈൻ വിമാന അപകടത്തിൽ കാനഡയുടെ 63 പൗരൻമാരാണ് കൊല്ലപ്പെട്ടത്. അതേസമയം, വിമാനത്തിൻെറ ബ്ലാക്ബോക്സ് പരിശോധിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ഇറാൻ അറിയിച്ചു. നാളെ ഇതുമായി ബന്ധപ്പെട്ട വിദഗ്ധർ എത്തുമെന്നും ഇക്കാര്യത്തിൽ ആവശ്യമെങ്കിൽ വിദേശരാജ്യങ്ങളുടെ സഹായം തേടുമെന്നും ഇറാൻ വ്യക്തമാക്കിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.