ഫ്രഞ്ച് പ്രസിഡന്‍റും 24 വയസ് കൂടുതലുള്ള ഭാര്യയും; ചർച്ച ചെയ്ത് മതിയാകാതെ മാധ്യമങ്ങൾ

ഫ്രാൻസിൽ മാത്രമല്ല, ലോകമെമ്പാടും ഇപ്പോൾ ചർച്ചാവിഷയം പുതിയ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണും ഭാര്യ ബ്രിജിറ്റയും തമ്മിലുള്ള പ്രായ വ്യത്യാസമാണ്. പ്രസിഡന്‍റിന്‍റെ അധ്യാപികയായിരുന്ന, 24 വയസ് കൂടുതലുള്ള  ബ്രിജിറ്റയുമായുള്ള ബന്ധത്തെക്കുറിച്ച്  കിംവദന്തികളും സങ്കൽപ കഥകളും മെനയുന്നതിൽ ഫ്രഞ്ച് പത്രങ്ങൾ തമ്മിൽ മത്സരം നടക്കുകയാണെന്ന് പറയാം.

ദിനം തോറും പത്രങ്ങളിൽ നിറ‍യുന്ന ഗോസിപ്പുകൾ വായിച്ച് പരിഷ്യൻ ന്യൂസ് പേപ്പറിന് അനുവദിച്ച അഭിമുഖത്തിൽ മാക്രോൺ തന്നെ ചോദിച്ചു.  "എന്നേക്കാൾ 24 വയസ് കുറഞ്ഞ സ്ത്രീയെയാണ് വിവാഹം കഴിച്ചിരുന്നതെങ്കിൽ ആർക്കും ഇതൊരു വാർത്തയേ ആകുമായിരുന്നില്ല. ഇതേക്കുറിച്ചോർത്ത് തല പുണ്ണാക്കാൻ ഒരു നിമിഷം പോലും നിങ്ങൾ ചെലവഴിക്കുകമായിരുന്നില്ല."

പല ഫ്രഞ്ച് വനിതകളും ഈ വിവാഹത്തെ സമൂഹത്തോടുള്ള ഒരു പ്രതികാരമായാണ് കണക്കാക്കുന്നത്. മിക്കവാറും പുരുഷന്മാർ പ്രത്യേകിച്ചും അധികാരമുള്ളവർ, തങ്ങളേക്കാൾ പ്രായക്കുറവുള്ള ഇണയെ തേടി നടക്കുന്നതിനിടയിൽ ഇതൊരു പ്രതികാരമായി കണക്കാക്കേണ്ടതുണ്ടെന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുന്നു.

ഫ്രാൻസിൽ ഇതുവരെയുണ്ടായിരുന്ന ഭരണാധികാരികളിൽ തന്നേക്കാൾ പ്രായം കൂടിയ ഭാര്യയുള്ള ഒരേയൊരാളാണ് മാക്രോൺ. ഇതുവരെയുള്ള ഫ്രഞ്ച് പ്രസിഡന്‍റുമാരിൽ ഏറ്റവും വലിയ  പ്രായവ്യത്യാസമുള്ള ദമ്പതികളെന്ന റെക്കോഡും ഇവർക്ക് സ്വന്തം.

ഫ്രഞ്ച് പ്രസിഡന്‍റായി മാറിയ 15 വയസ്സുകാരൻ അവന്‍റെ അധ്യാപികയായ ബ്രിജിറ്റിനെ പ്രണയിക്കുമ്പോൾ അവർക്ക് മാക്രോണിന്‍റെ എന്ന പ്രായത്തിലുള്ള കുട്ടി അടക്കം മൂന്നു മക്കളുണ്ട്. 17 വയസ്സിൽ മാക്രോൺ അവരെ കല്യാണം കഴിക്കാൻ തീരുമാനിക്കുമ്പോൾ ബ്രിജിറ്റിന് 42 വയസ്സ്. 30 വയസ്സിൽ മാക്രോൺ അവരെ കല്യാണം കഴിക്കുമ്പോൾ ബ്രിജിറ്റിന് വയസ്സ് 55 ആയിരുന്നു. അപ്പോൾ ബ്രിജിറ്റിന്‍റെ മൂത്ത കുട്ടിക്ക് വയസ്സ് 32. വധുവിന്‍റെ രണ്ടാമത്തെ മകളാവട്ടെ മാക്രോണിന്‍റെ ക്ലാസ്സ്മേറ്റും. ഇപ്പോൾ ബ്രിജിറ്റിന് 64 വയസ്. മാക്രോണിന് 39 വയസ്സും. 17 മുതൽ 39 വരെ 22 വർഷം നീണ്ട പ്രണയമാണ് ഫ്രഞ്ച് പ്രസിഡന്‍റിന്‍റേത്.

ഫ്രഞ്ച് ടാബ്ളോയ്ഡുകളിൽ പ്രചരിക്കുന്ന രസകരമായ ചില കാര്യങ്ങളുണ്ട്. ഫ്രഞ്ച് പ്രസിഡന്‍റിന്‍റെ വസതിയായ എലിസീ പാലസിലെ താമസത്തിനിടക്ക് തന്നെ മുൻ പ്രസിഡന്‍റുമാരായ ഫ്രാൻകോയ്സ് ഹോളണ്ടും നിക്കോളാസ് സർക്കോസിയും ഭാര്യയുമായി വേർപിരിഞ്ഞ് കാമുകിമാരെ വിവാഹം കഴിച്ചിരുന്നു. ഹോളണ്ട് തന്നേക്കാൾ 18 വയസിന് ഇളപ്പമുള്ള ജൂലിയ ഗായേതിനെ പ്രണയിച്ചപ്പോൾ സാർക്കോസി തന്നേക്കാൾ 13 വയസ് കുറഞ്ഞ മോഡൽ കാർല ബ്രൂണിയെ വിവാഹം കഴിച്ചു.

ലോകത്തെ നയിക്കുന്ന 20 രാജ്യങ്ങളിലെ നേതാക്കൾക്ക് ഭാര്യമായുമായുള്ള പ്രായവ്യത്യാസം മാക്രോണിനേക്കാൾ വളരെ വലുതാണ് എന്നതാണ് രസകരമായ വസ്തുത. സൗത്ത് ആഫ്രിക്കൻ ഭരണാധികാരിയായ ജേക്കബ് സുമക്ക് ഭാര്യയുമായി  38 വയസിന്‍റെ പ്രായവ്യത്യാസമുണ്ട്. ബ്രസീലിലെ മൈക്കേൽ ടെമറിനേക്കാൾ ഭാര്യക്ക് 33 വയസ് കുറവാണ്. അമേരിക്കൻ പ്രസിഡന്‍റും ഭാര്യ മെലാനിയയും തമ്മിലുള്ള പ്രായവ്യത്യാസം 24 വയസാണ്. സൗദി രാജാവ്, ഇറ്റാലിയൻ പ്രധാനമന്ത്രി എന്നിവരുടെ ഭാര്യമാരെക്കുറിച്ചുള്ള വിവരങ്ങൾ അത്രയൊന്നും പരസ്യമല്ല താനും.

ഇതിൽ നിന്നെല്ലാം ഒരു ഒരു കാര്യം വ്യക്തം. സ്ത്രീ സമത്വത്തെക്കുറിച്ചൊക്കെ പറയുമെങ്കിലും തന്നേക്കാൾ പ്രായക്കുറവുള്ള ഭാര്യമാരെ സ്വീകരിക്കാനാണ് ലോകനേതാക്കൾക്ക് പൊതുവേ താൽപര്യം. വനിതയായ ഏഞ്ചല മെർക്കൽ മാത്രമാണ് ഇതിന് അപവാദം. ഏഞ്ചലയുടെ ഭർത്താവിന് അവരേക്കാൾ അഞ്ച് വയസ് കൂടുതലാണ്.

Tags:    
News Summary - Macron's 24-Year Age Gap With His Wife

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.